2011, ജനുവരി 8, ശനിയാഴ്‌ച

പരോള്‍...ഏതൊരു മനുഷ്യന്റെയും ഭാവി മുന്‍പേ എഴുതപ്പെട്ടിട്ടുള്ള ഒന്നാണ് എന്ന് വിശ്വസിക്കുന്ന ഒരു ബ്ലോഗറാണ് ഈ വിരല്‍ത്തുമ്പ്.... അന്ന് ഞാന്‍ വളരെ ചെറിയ കുട്ടിയായിരിക്കുന്ന സമയത്ത്‌(പായയില്‍ മുള്ളുന്ന പ്രായം) ഒരു ഭിക്ഷക്കാരന്‍ എന്‍റെ മാതാശ്രീയോട് പറഞ്ഞ ഒരു കാര്യം ഞാന്‍ ഇവിടെ വീണ്ടും എഴുതട്ടെ... അന്ന് തത്തമ്മ എടുത്ത ശ്രീരാമന്‍റെ കാര്‍ഡില്‍ നിന്ന് തുടങ്ങിയ പ്രവചനം അത് ഇന്നും ഈ മരുഭൂമിയില്‍ ഞാന്‍ അനുഭവിക്കുന്നു...ഈ വിരപോലുത്ത ഇവന്‍ ഒരു കാലത്ത്‌ കടലുകള്‍ക്കപ്പുറം താണ്ടിപ്പോകേണ്ടവനാണെന്നും, ഭാവിയില്‍ മുന്‍പുള്ള തലമുറക്കും ഈ തലമുറക്കും ഇനിയുള്ള തലമുറക്കും കാമധേനുവായി കുടികൊള്ളും എന്നും പ്രവചിച്ചപ്പോള്‍ ''പോടാ അണ്ണാച്ചി'' എന്നും പറഞ്ഞ്‌ സുരേഷ്ഗോപി സ്റ്റൈലില്‍ എന്‍റെ മാതാശ്രീ അതങ്ങ് തള്ളിക്കളഞ്ഞു....

ഇന്ന് ഈ അബുദാബിയില്‍ നില്‍ക്കുമ്പോള്‍ ആ ഭിക്ഷുവിനെ ഞാന്‍ ഓര്‍ക്കുന്നു... കാരണം എന്‍റെ യാത്രക്ക് തുടക്കം ഇട്ടത് ഒരുപക്ഷെ ആ ഭിക്ഷുവിന്‍റെ ആരും കേള്‍ക്കാത്ത പ്രവചനം ആകാം... ഇപ്പൊ എന്‍റെ തിരികെമടക്കത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം... ഇന്നുള്ള ഏതൊരു പ്രവാസിയുടെയും മനസ്സില്‍ തുടികൊട്ടുന്ന എന്താണോ അത് തന്നെയാണ് നിങ്ങള്‍ക്ക്‌ വേണ്ടി എവിടെയോ ഇരുന്ന് ഇത് എഴുതുന്ന ഈ വിരല്‍ത്തുമ്പിനും ഉള്ളത്... നീണ്ട പ്രവാസജീവിതത്തില്‍ എനിക്ക് കിട്ടിയ ഒരു പരോള്‍.... എന്‍റെ ജീവിതത്തില്‍ ഞാന്‍ ഇനി കാണാന്‍ ഉള്ള ഒരുപാട് പ്രതിസന്ധികള്‍ക്ക്‌ സാക്ഷിയാകേണ്ട കുറച്ച് കാലത്തേക്ക് കമ്പനി വച്ചുനീട്ടിയ ദിനങ്ങള്‍....

എച്ച് ആര്‍ മാനേജര്‍ കയ്യില്‍ പാസ്പോര്‍ട്ട് കയ്യില്‍ വച്ചു തരുമ്പോള്‍ ഉണ്ടായ സന്തോഷം തിരിച്ച് കാറില്‍കയറി മുറിയിലേക്ക്‌ വരുമ്പോള്‍ ഉണ്ടായിരുന്നില്ല... എന്‍റെ ഉത്തരവാദിത്തങ്ങള്‍ എല്ലാം മറ്റൊരാളുടെ കയ്യിലേക്ക്‌ ഏല്‍പ്പിച്ച് കൊടുത്തപ്പോള്‍ എന്തോ കിരീടവും വാളും കാല്‍ക്കല്‍വച്ച് കീഴടങ്ങിയ ഒരു ചേകവന്‍റെ അവസ്ഥയിലേക്ക്‌ ഞാന്‍ മടങ്ങിയോ എന്നെനിക്ക് തോന്നുന്നു... ഈ മഹാനഗരം എന്നെ ഉപേക്ഷിക്കിച്ചോ എന്നെ എന്ന ഒരു തോന്നല്‍ എന്‍റെ മനസ്സിന്‍റെ ഉള്ളില്‍ എവിടെയോ ഒരു നീറ്റല്‍.... തിരിച്ചു പോകാന്‍ കൊതിതോന്നുന്നുണ്ട്... പക്ഷെ ഈ മണ്ണ് എന്നെ ഇവിടെ നിന്ന് വിടുന്നതിന് വിമുഖത കാണിക്കുന്നത് പോലെ... എനിക്ക് തോന്നി... ഇപ്പോള്‍ ന്‍റെ ഉള്ളില്‍ ഞാന്‍ കണ്ടത്തിയ രണ്ടു ചോദ്യങ്ങള്‍ ഉണ്ട്.... ഈ മഹാനഗരം എന്നെ ഞാന്‍ അറിയാതെ പ്രണയിച്ചിരുന്നോ?.... അതോ ഞാന്‍ ഈ അറേബ്യന്‍ റാണിയെ എപ്പോഴെങ്കിലും കൊതിച്ചിരുന്നോ?....

തിരിച്ച് ചെന്ന് ചെയ്തുതീര്‍ക്കേണ്ടതായിട്ടുള്ള ഒരു പാട് കര്‍മ്മങ്ങള്‍ മുന്നില്‍ കിടക്കുന്നു... എന്ത് ചെയ്യണം എന്നറിയാതെ കടല്‍മുഖത്ത് ശങ്കിച്ച് നില്‍ക്കുന്ന ഒരു കുട്ടിയുടെ അവസ്ഥയില്‍ ആണ് മനസ്സിപ്പോഴും....ഈ മണല്‍ക്കാടിന്റെ സ്നേഹം എന്താണ് എന്ന് ഒരുനീണ്ട പ്രവാസത്തിലൂടെ ഞാന്‍ അനുഭവിച്ചു.... സുഖവും ദുഖവും തരുന്ന ഒരു മണ്ണ്.... വേദനിച്ച് കരഞ്ഞപ്പോള്‍ എന്‍റെ കണ്ണ് തുടച്ചുതന്ന് ആശ്വസിപ്പിച്ച മണ്ണ്... ഇപ്പോഴും മനസ്സ്‌ നൊന്താല്‍ ഞാന്‍ ആ വലിയ നഗരത്തിലേക്ക് ഒന്ന് കണ്ണോടിക്കുമ്പോള്‍ എന്നോട് ആരോ അദൃശ്യമായി ചെവിയില്‍ പറയും '' നിന്നെക്കാള്‍ വേദനയുള്ളവര്‍ അവിടെയുണ്ട് അപ്പൊ നീ?...""... തിരിച്ച് കണ്ണ് തുടച്ച് സീറ്റിലേക്ക്‌ മടങ്ങുമ്പോള്‍ ഒരു പുതുഎനര്‍ജി കിട്ടിയ പ്രതീതി...

എന്‍റെ ഈ പ്രവാസത്തില്‍ ഞാന്‍ എഴുതിയ ലളിതസാഹിത്യത്തെ രണ്ടുകയ്യ്കളാല്‍ സ്വീകരിച്ച എന്‍റെ വായനക്കാരോടുള്ള കടപ്പാട് തീര്‍ത്താല്‍ തീരാത്തതാണ്... ഒരു ബ്ലോഗറുടെ ശക്തി എന്നത് അവന്‍റെ വായനക്കാര്‍ നല്‍കുന്ന പിന്തുണയും സ്നേഹവും ആണെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു....ഇന്ന് ഞാന്‍ ഈ പോസ്റ്റ്‌ ഇവിടെ അവസാനിപ്പിക്കുമ്പോള്‍ എനിക്ക് എന്‍റെ പ്രേക്ഷകര്‍ക്ക്‌ ഞാന്‍ നല്‍കുന്ന ഒരു സന്ദേശമേ ഉള്ളൂ....

''പരേതന്‍ തിരിച്ച് വരുന്നു''

2011, ജനുവരി 5, ബുധനാഴ്‌ച

പുണ്യാളന്‍ ഖത്തീബും യൂദാസ് അബുക്കയുംനിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ആദ്യം തന്നെ ഒന്ന് ഞാന്‍ അങ്ങ് പറഞ്ഞേക്കാം... സൌന്ദര്യം എനിക്ക് ഏറ്റവും വലിയ ഒരു ശാപം ആയിരുന്നു ഒരു കാലത്ത്... ഇപ്പോഴും അത് കൂടി എന്നാലും കുറഞ്ഞിട്ടില്ല എന്നാണ് പലവൃടെയും നിഗമനം..... ഇപ്പൊ ഇത് വായിക്കുന്ന നിങ്ങളോക്കെ വിചാരിക്കും, ഇവനെതാടാ ഒരു പൊങ്ങച്ചം പറയുന്നവന്‍ വന്നിരിക്കുന്നു... എന്നാ അവന്‍റെ ഒരു തലക്കനം...എന്നൊക്ക അല്ലെ?... നിങ്ങള്‍ വേണമെങ്കില്‍ വിശ്വസിച്ചാല്‍ മതി...ഹല്ല പിന്നെ.... അന്ന് നാലാംക്ലാസില്‍ പഠിക്കുമ്പോള്‍ രുക്കു എന്ന റുക്കുമണി ആണ് ഈ പ്രതിഭാസം ആദ്യമായി കണ്ടത്തിയത്.... പിന്നീട് ഇത് പല അവസരങ്ങളിലും ഇത് എനിക്ക് ഉപകാരപ്പെട്ടു എന്ന് തന്നെ പറയാം... അങ്ങിനെ ആ സൌന്ദര്യത്തില്‍ ആറാടിക്കോണ്ടിരിക്കുന്ന കാലത്ത് കോളെജിലേക്ക് പോകുന്ന പെന്മാനസങ്ങ
ളെ ബസ്റ്റ്‌സ്റ്റോപ്പില്‍ പഞ്ചാരയടിച്ച് നില്‍ക്കുന്നിടത്തുനിന്നാണ് ഈ കഥയുടെ ആരംഭം.....

അബു... നാട്ടിലെ കേടിയും അതുലുപരി ചീട്ടുകളിയുടെ ആചാര്യനുമായ ഒരു മല്യ..... ലോകത്തെ ഏതു ബ്രാന്റ് മദ്യത്തെക്കുറിച്ചും വിക്കിപീഡിയക്കുപോലും അറിയാത്ത അറിവ് ഇപ്പറഞ്ഞ അബുവിന് ഉണ്ടായിരുന്നു... കേരളത്തില്‍ ഒരു ദേശീയഉത്സവംപോലെ കൊണ്ടാടുന്ന ഒരു ദിനം ആണല്ലോ ഹര്‍ത്താല്‍... അന്ന് കേരളീയന്റെ ഒരു പ്രധാന വിനോദം കൂടിയാണ് ചീട്ടുകളി... അന്നെതോ തീപ്പെട്ടിക്കൊള്ളിപ്പാര്‍ട്ടി നടത്തിയ ഹര്‍ത്താല്‍ ഗവണ്‍മെന്റ് മൈന്റ് ചെയ്തില്ല എന്ന് മാത്രമല്ല... ബസ്സുകളും വാഹനങ്ങളും നിരത്തിലിറങ്ങുകയും ചെയ്തു.... ഇപ്പറഞ്ഞ ചീട്ടുകളിസംഘം ബസ്റ്റാന്റ് സമീപം ആയിരുന്നു താവളം എടുത്തിരുന്നത്... അങ്ങിനെ രാവിലെ തുടങ്ങിയ കളി അതിന്റെ പാരമ്യത്തില്‍ നില്‍ക്കുമ്പോള്‍ ആണ് അവിടുത്തെ പള്ളിയിലെ പ്രധാന പുരോഹിതനും മുക്രിയും കൂടി നാട് കാണാന്‍ ഇറങ്ങുന്നത്.... രാവിലെ അടിച്ച പട്ട നല്ലപോലെ ഏറ്റിട്ടുണ്ട് അബുവിന്... പുള്ളി വെട്ടിയിട്ട വാഴ കണക്കെ ചീട്ടുകളിയുടെ പരിസരത്ത്‌ കിടന്നോ നല്ല ഉറക്കവും...


ഖത്തീബിനെ കണ്ട ചീട്ടുകളിസംഘം ഏതോ മറവിലേക്ക് വലിഞ്ഞു.. നമ്മുടെ അബുവുണ്ടോ ഇതൊക്കെ അറിയുന്നു..... പുള്ളി നല്ല കെട്ടില്‍ അങ്ങനെ കിടക്കുകയാണ്... ഖത്തീബ് ഇപ്പറഞ്ഞ അബുവിനെ കണ്ടു എന്ന് മാത്രമല്ല മുക്രിയോട് ഇതാരാനെന്നും എന്താണെന്നും ചോദിച്ച് മനസ്സിലാക്കി... മുക്രിയാണെലോ അബുവിനെക്കുറിച്ച് വെള്ളം ചേര്‍ക്കാത്ത രീതിയില്‍ ഖത്തീബിനോട് അങ്ങ് വിളമ്പി... ഇവനൊരു മുസ്ലിം ആണെന്ന്കൂടി കേട്ടപ്പോള്‍ പുള്ളിക്കാരന്റെ മനസ്സില്‍ ഒരു ഈമാന്‍ ഒക്കെ അങ്ങ് പൊന്തിവന്നു... മ്ഹും എന്നും മൂളി ഖത്തീബും സഹചാരിയും മണ്ണും പറത്തിക്കൊണ്ട് പാഞ്ഞങ്ങ് പോയി....

പിറ്റേന്ന് ഒരു വെള്ളിയാഴ്ച്ചയായിരുന്നു... ഒരു നാളും പള്ളിയുടെ പടി കണ്ടില്ലേലും വെള്ളിയാഴ്ച പള്ളിയില്‍ പോകുന്ന ഒരു നല്ല സൊഭാവം ഇപ്പറഞ്ഞ അബുവിന് ഉണ്ടായിരുന്നു.. അങ്ങിനെ അങ്ങിനെ അബുവും സംഘവും കൂടി കയറിവന്ന കാഴ്ച്ച കണ്ട് ഖത്തീബ് തന്റെ റൂമില്‍ കയറി കതകടച്ച് ഇരുന്നു.... പ്രാര്‍ത്ഥനയുടെ സമയമായിട്ടും പുള്ളിക്കാരനെ കാണാനില്ല... അബു സൊകാര്യത്തില്‍ തന്റെ സുഹൃത്തിന്‍റെ ചെവിയില്‍ ഇങ്ങണെ ചോദിച്ചു''ഇനി ഖത്തീബ് എങ്ങാനും അടിച്ച്പോയോ?..'' ബാങ്ക് കൊടുത്തു മുക്രി ഖത്തീബിന്റെ മുറിയില്‍ പോയി തിരിച്ച് വന്നപ്പോള്‍ മുഖം ആകെ ചോര വാര്‍ന്നത്‌ പോലെയായിരുന്നു...

എവിടെ നമ്മുടെ ഖത്തീബ്?... പള്ളിയില്‍ വന്നവരില്‍ ഒരു കമ്മറ്റി അംഗം ചോദിച്ചു...

ഇല്ല ഖത്തീബ് ഇന്നത്തെ പ്രാര്‍ത്ഥനയില്‍ വരില്ലത്രേ... മുക്രിയുടെ മറുപടി..

എന്താ ഈ പറയണത്?.. എന്നും പറഞ്ഞുകൊണ്ട് അതില്‍ കമ്മറ്റിക്കാര്‍ കൂട്ടത്തോടെ ഖത്തീബിന്‍റെ മുറിയിലേക്ക്‌ .....

ചര്‍ച്ചകള്‍ നടത്തി കമ്മറ്റിയില്‍ ഒരംഗം നേരെ അബുവിനെയും കൂട്ടരെയും വിളിച്ച് ഒരു ഭാഗത്ത് മാറ്റി നിര്‍ത്തി ഇങ്ങനെ പറഞ്ഞു.....

അബുക്കാ നിങ്ങളും ഇവരും ഈ പ്രാര്‍ത്ഥനയില്‍ ഉണ്ടെങ്കില്‍ ഖത്തീബ് അതില്‍ പങ്കെടുക്കില്ലാ എന്നാണ് പറഞ്ഞത്... ഇനിപ്പോ എന്താ ചെയ്യാ?....

അബുവും സംഘവും വിട്ടു കൊടുക്കുമോ.... അതെന്താ അങ്ങിനെ എന്ന് ചോദ്യമായി....

അതിന് മറുപടി കമറ്റി സെക്രട്ടറിയില്‍ നിന്നായിരുന്നു...... വ്യാഴാഴ്ചവരെ കള്ളും കുടിച്ച് നടക്കുന്നവരുടെ കൂടെ എനിക്ക് പ്രാര്‍ഥിക്കാന്‍ ബുദ്ധിമുട്ട് ഉണ്ട് എന്നാണത്രേ !!!

ആഹാ എന്നാ വയ്ക്ക് ഇപ്പൊ ഒരു ജനറല്‍ബോഡി എന്നായി അബുവും കൂട്ടരും.....കമ്മറ്റിക്കാര്‍ പെട്ടോ!!!

ഒരു വിധം ഖത്തീബിനേം അബുവിനേം ഇരുഭാഗത്തും ഇരുത്തി ചര്‍ച്ച തുടങ്ങി....

എനിക്ക് പറ്റില്ല ഈ കുടിച്ച് കൂത്താടി നടക്കുന്ന ആളുകളുടെ കൂടെ നിസ്കരിക്കാന്‍.... ഖത്തീബ് പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞ്കൊണ്ടിരുന്നു...

ഇതിനൊരു അവസാനം കാണണമല്ലോ എന്ന് കരുതി കമ്മറ്റി പ്രസിഡന്റ് അബുവിനോട് ഇങ്ങനെ ചോദിച്ചു...

അബുവിന് ഇതില്‍ എന്തെങ്കിലും പറയാനുണ്ടോ??....

ഉണ്ട്!!!

ങേ!!.... എല്ലാവരുടെയും ശ്രദ്ധ അബുവിലായി......

ഞമ്മളൊന്നു ചോയിക്കട്ടെ ഉസ്താതെ... ഞാന്‍ കുടിയനാണ് സമ്മയിച്ച്... എന്നാല്‍ നമ്മുടെ ഖത്തീബ് അതിലും വലിയ കുടിയനാണ്!!!!

എന്താ അബു യ്യീ പറേണത് ???..... എന്നായി കമ്മറ്റിക്കാരും നാട്ടുകാരും...

അതെ നിങ്ങള് പറയ്‌.... ഇന്ന് ഉസ്താദ് എന്താ തിന്നത്???....

എല്ലാവരും ഖത്തീബിലെക്ക്.....

ഞാന്‍, ഞാന്‍ ഇന്ന് ബിരിയാണി കഴിച്ച്.... എന്നും പറഞ്ഞ് ഖത്തീബ് ഒന്ന് വയര്‍ ഉഴിഞ്ഞു....

ശരി അപ്പൊ ഞമ്മടെ നാട്ടിലും ബിരിയാണിക്ക് എസന്‍സ് ചേര്‍ക്കുമല്ലോ അല്ലെ?.... അബു എല്ലാവരോടും ആയി ചോദിച്ചു..........

അതെ അതുണ്ടങ്കിലല്ലേ അബു അതിന് രുചി ഉണ്ടാകൂ... കൂട്ടത്തില്‍ ബിരിയാണിവെക്കുന്ന സിദ്ദിക്കയുടെ മറുപടി....

ആ... അപ്പൊ ബ്രാണ്ടികൊണ്ടുണ്ടാക്കിയ എസന്‍സ് ചേര്‍ത്ത്‌ ബിരിയാണി കഴിക്കുന്ന ഖത്തീബിന് ഇപ്പൊ പള്ളിക്കയറാം അതു വെള്ളത്തില്‍ ചേര്‍ത്ത്‌ ഇന്നലെ രാത്രി കഴിച്ച ഞമ്മക്ക്‌ ഇവിടെ കയറാം പറ്റില്ല.. അല്ലെ നാട്ടുകാരെ??......

അയ്യോ!! എന്നും പറഞ്ഞ്കൊണ്ട് എല്ലാവരും ഖത്തീബിലെക്ക് ഒന്ന് പാളി നോക്കി.....

അതുവരെ നെഞ്ചും വിരിച്ചിരിക്കുന്ന ഖത്തീബും മുക്രിയും അറിയാതെ എന്ന പോലെ വിയര്‍ത്ത്‌ വായും പൊളിച്ച് ഇരുന്നു പോയി...

പെട്ടന്ന് രണ്ടു പേരും കൂടി വേഗം തന്നെ ഒരു മുറിയില്‍ പോയി ഭയങ്കരമായ ചര്‍ച്ച നടത്തി ഒരു തുണ്ടു പേപ്പറുമായി മുക്രി നേരെ പള്ളിയിലേക്ക്‌ കയറിപ്പോയി...

പിന്നീട് ആ നാട്ടിലെ ആളുകള്‍ക്ക് കേള്‍ക്കാന്‍ ശബ്ദത്തില്‍ ഉച്ചഭാഷിണിയിലൂടെ മുക്രിയുടെ ഒരു മെസ്സേജ്....

'' പ്രിയപ്പെട്ട നാട്ടുകാരെ, എസന്‍സ്‌ കൂട്ടിയ ബിരിയാണി ഇനി നമ്മുടെ നാട്ടില്‍ ഉണ്ടാകരുത് എന്നും... അതു കൂട്ടിയ ബിരിയാണിക്ക് ഖത്തീബ് വരില്ല എന്ന് വ്യസനസമേതം അറിയിച്ച് കൊള്ളുന്നു...'''

ഇത് നാട്ടുകാര്‍ കേട്ട് മൂക്കത്ത്‌ വിരല് വക്കുമ്പോള്‍ അബുവും കൂട്ടരും പള്ളിയില്‍ നിന്ന് ഇറങ്ങി നടന്നിരുന്നു......

2011, ജനുവരി 3, തിങ്കളാഴ്‌ച

ഞാന്‍ ഉമ്മാട് പറയും.....
എന്‍റെ പ്രിയപ്പെട്ട വായനക്കാര്‍ക്ക്‌ ഇത് ഒരു പക്ഷെ രസകരമായ പോസ്റ്റ്‌ ആകാം, അല്ലാതിരിക്കാം... ഈ ഒരു പോസ്റ്റ്‌ വായിച്ച് നിങ്ങളുടെ ചിന്തയെ ഒരു കമന്റ് രൂപത്തില്‍ ഞാന്‍ പ്രതീക്ഷിക്കുന്നു...

വിരല്‍ത്തുമ്പ്.

ഈ കഥ നടക്കുന്നത് ചാവക്കാട് എന്ന വില്ലാളിവീരന്‍മ്മാരുടെ നാട്ടിലാണ്....അന്ന് ഞാന്‍ തൃശൂരില്‍ നെറ്റ്‌വര്‍ക്ക് എഞ്ചിനീയറിംഗ് പഠിക്കുന്ന കാലം.... ഏകദേശം എനിക്ക് ഇരുപതു വയസ്സ് കാണും... എന്‍റെ കൂടെയുള്ള പലവരും എന്നെക്കാളും ഒന്നോ രണ്ടോ വയസ്സിന് മൂത്തതായിരുന്നു.... അതുകൊണ്ട് തന്നെ ഞാന്‍ അവര്‍ക്കിടയില്‍ ഇള്ളക്കുട്ടിയായിരുന്നു(നിങ്ങളുടെ ഭാഷയില്‍ ഇതിനെ എല്ലാവരുടെയും ശ്വാസന കേള്‍ക്കേണ്ടി വരുന്ന സ്വഭാവക്കാര്‍)....ഞാന്‍ ജീവിക്കുന്നില്ലേലും എന്‍റെ ജന്മ്മനാട് ആയതുകൊണ്ട് കൂടെ പഠിക്കുന്നവരില്‍ ചാവക്കാട്ടുകാരെ എനിക്ക് വലിയ ഇഷ്ടമായിരുന്നു... അവരില്‍ പലവരും ഇപ്പോഴും ഞാനുമായി നല്ല ബന്ധത്തിലും ആണ്..... അക്കൂട്ടത്തില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനായിരുന്നു നമ്മുടെ കഥാനായകന്‍ നിഷാദ്.... ചാവക്കാട് മാര്‍ക്കറ്റില്‍ പുള്ളിക്കാരന്റെ ഉപ്പാക്ക് ഒരു കടയുണ്ട്....ക്ലാസ്‌ കഴിഞ്ഞാല്‍ നിഷാദിന്റെ പ്രധാന ടൈംപാസ്‌ എന്നത് മാര്‍ക്കറ്റില്‍ പോയി പിതാശ്രീയെ സഹായിക്കുക എന്നതാണ്.....

ഒരു നാള്‍ നിഷാദിന്റെ ഉമ്മ ബാത്രൂമില്‍ ചന്തിയും കുത്തി വീണ് നട്ടെല്ലിന് ക്ഷതമേറ്റതില്‍പ്പിന്നെയാണ് കഥയുടെ തുടക്കം... ചെറുതൊന്നുമല്ലാത്ത ചതവ് ആ ഉമ്മയെ ആറുമാസം ബെഡ്ഡില്‍ കിടത്തി....നിഷാദ്‌ ഒരേയൊരു മകനായത്‌കൊണ്ട് വീട്ടു ജോലികള്‍ ചെയ്യാന്‍ ആരും ഉണ്ടായിരുന്നുമില്ല.... കുടുംബക്കാരായാലും എത്രയോളം സഹായിക്കും...അതിനും ഒരു കണക്കില്ലേ... അങ്ങിനെയാണ് ഇരുപത്തൊന്നുകാരനായ നിഷാദിനെ ഉമ്മയും ഉപ്പയും കൂടി കല്യാണം കഴിപ്പിക്കാന്‍ തീരുമാനിച്ചത്.... മാര്‍ക്കറ്റില്‍ നിന്നും നല്ലൊരു തുക വരുമാനമുള്ളത്കൊണ്ട് കല്യാണം എന്ന ഒരു ആഗോളപ്രതിസന്ധിക്ക് എപ്പോഴും ഒരാശ്വാസമായിരുന്നു.... അങ്ങിനെ നാടിനപ്പുറത്തുള്ള ആല്‍ത്തറ എന്ന സ്ഥലത്ത് നിന്ന് പത്താംതരം പഠിക്കുന്ന മുസ്ലീം കുടുംബത്തിലെ ഒരു കിളുന്തിനെ നിഷാദിന് വേണ്ടി വീട്ടുകാര്‍ ഒപ്പിച്ചു.... പേര് നജുമ....

പെട്ടന്നായിരുന്നു കല്യാണം...കല്യാണത്തിന് മുന്‍പ്‌ തന്നെ ഞങ്ങളെപ്പോലെയുള്ള വാത്സ്യായനന്‍മ്മാരുടെ ഉപദേശങ്ങള്‍ ആയിരുന്നു നിഷാദിന്റെ ഭാവി ജീവിതത്തിലേക്ക്‌ വഴിത്തിരിവാകുക എന്ന് ഞങ്ങള്‍ ആ പാവത്തിനെ പറഞ്ഞു വിശ്വസിപ്പിച്ചു... ആദ്യരാത്രിയില്‍ ഭാര്യയുമായി എങ്ങനെ ഇടപെഴകണം എന്നും പിന്നീടുള്ള ദിവസങ്ങളില്‍ പെണ്ണിനെ എങ്ങിനെ കയ്യില്‍ എടുക്കണം എന്നും ഉള്ള ദീര്‍ഘവീക്ഷണത്തോടുള്ള പല ക്ലാസുകളും ഞാനെന്ന വാല്‍ത്സ്യായനന്‍ എടുത്തുകൊടുത്തിരുന്നു.... എല്ലാം ഒരു വാര്‍ഷിക പരീക്ഷക്ക്‌ പഠിക്കുന്ന ഒരു വിദ്യാര്‍ഥി എന്ന രീതിയില്‍ എല്ലാം മനസ്സിലാക്കി നമ്മുടെ നിഷാദ്‌... അങ്ങിനെ ആ ബലവും കയ്യില്‍ വച്ച് കല്യാണം കഴിഞ്ഞു....ഇനിയല്ലേ രസം......

ആദ്യരാത്രി.... എല്ലാ ആണുങ്ങള്‍ക്കും ഉണ്ടാകുന്ന ഒരു വൈക്ലഭ്യം ഇപ്പറഞ്ഞ നിഷാദിനും ഇല്ലാതില്ല.... നജുമ റൂമില്‍ വന്നു കയറി... പാവം നിഷാദ് പരീക്ഷാഹാളില്‍ ഉത്തരം ഓര്‍ത്തെടുക്കുന്ന രീതില്‍ എല്ലാം ഒന്നുകൂടി മനപ്പാടമാക്കി.. പെണ്ണാണെല്‍ പത്ത് കിലോ നാണവും എടുത്തുകൊണ്ടാണ് നില്‍ക്കുന്നത്.... അങ്ങിനെ നിഷാദ്‌ പെണ്ണിനെ അടുത്ത് പിടിച്ചിരുത്തി... കാര്യങ്ങള്‍ ഓരോന്ന് ചോദിച്ച് ചോദിച്ച് നേരം പാതിരാത്രിയായി....... പുതുപെണ്ണ്‍ ഉറക്കം തൂങ്ങുന്നു എന്ന് തോന്നിയപ്പോള്‍ നിഷാദ്‌ തന്നെ കിടന്നോളാന്‍ പറഞ്ഞു... കേള്‍ക്കേണ്ട താമസം പെണ്ണങ്ങ് കയറിക്കിടന്നു... ഞങ്ങളെപ്പോലുള്ള വാലത്സ്യായനന്‍മ്മാരെ വീണ്ടും മനസ്സില്‍ ധ്യാനിച്ചു നിഷാദും കയറിക്കിടന്നു....

ലൈറ്റ്‌ ഓഫ് ചെയ്തു എന്ന് ഉറപ്പ് വരുത്തി നിഷാദ്‌ നജുമയുടെ ദേഹത്ത്‌ ഒന്ന് കൈവച്ചു... എന്തോ തീക്കനല്‍ സ്പര്‍ശിച്ചപോലെ നജ്മ ഞെട്ടി മാറിക്കിടന്നു.... ഹേയ് ഇതെന്തു പുകിലാണ് എന്ന് നിഷാദ്‌ കരുതി.... കുറച്ച് കഴിഞ്ഞ് നജ്മ വീണ്ടും ഉറക്കത്തിലാണ് എന്ന് ബോധ്യം വന്നപ്പോള്‍ പുള്ളി എന്തോ ആഞ്ഞങ്ങ് കെട്ടിപ്പുണര്‍ന്നു....പെട്ടന്ന്‍ നജ്മ കുതറിമാറി എന്ന് മാത്രമല്ല കട്ടിലിലില്‍ നിന്നും ചാടി ഇറങ്ങി..

മ്.. എന്തെ?... നിഷാദ്‌ ചോദിച്ചു...

മ്ഹും... നജ്മ ഒരു മൂളലില്‍ ഒതുക്കി...

ഇങ്ങോട്ട് വാ....

വേണ്ട.. നിക്ക് പേടിയാ...

എന്തിനാ പേടിക്കുന്നെ...

മ്ഹും..... അതേ ഉത്തരം.....

രണ്ടും കല്‍പ്പിച്ചു നിഷാദ്‌ നജ്മാനെ കൈ പിടിച്ച് കിടക്കയിലേക്ക് വലിച്ചു... കാര്യം തദൈവ......കൂടെ നജ്മാടെ ഒരു വാണിങ്ങും....

ഇങ്ങളെന്നെ തൊടരുത്!!!....

എന്തെടീ അന്നെ തൊട്ടാല്‍... അതൊരു വെല്ലുവിളിയായി നിഷാദും എടുത്തു...

ഇനിന്നെ തൊട്ടാല്‍!!!!

തൊട്ടാല്‍??.....

ഇനി ഇങ്ങള് തൊട്ടാല്‍ ഞാന്‍ എന്‍റെ ഉമ്മാട് പറയും!!!!!

പടച്ചോനെ....എന്തായിത്??.....നിഷാദ്‌ മൂക്കത്ത്‌ വിരല്‍വച്ചു.....

നിഷാദിന്റെ ആ രാത്രി നജ്മ താഴത്തും നിഷാദ്‌ മുകളിലും(കട്ടിലില്‍)കിടന്നുറങ്ങി.....പാവം..

അങ്ങിനെ ആദ്യരാത്രിയും രണ്ടാമത്തെ രാത്രിയും കഴിഞ്ഞു.... നിഷാദ്‌ ആണേല്‍ ഭയങ്കരമായ ടെന്‍ഷനില്‍.... വിളിച്ച് എന്നോട് ഭയങ്കര പരാതി.... ടാ അവള് തൊടാന്‍ സമ്മതിക്കുന്നില്ലടാ.... നീ ഒന്ന് ക്ഷമിക്ക് ന്‍റെ നിഷാദേ, പയ്യെത്തിന്നാല്‍ പനയും തിന്നാം എന്ന മലയാളം ഫ്രൈംസില്‍ ഒതുക്കി ഞാന്‍ കട്ടു ചെയ്യും....

വിരുന്നുകൂടാന്‍ നാലുദിവസം കഴിഞ്ഞ് നജ്മാടെ വീട്ടിലേക്ക്‌ വിരുന്നിന് പോയ ആരാത്രിയാണ് ഇപ്പറഞ്ഞത്‌ നടന്നത്......നീല നൈറ്റി ഇട്ടാണ് അന്ന് രാത്രി സുന്ദരിയായ നജ്മ വന്ന് കിടന്നത്... ചൂട് കൊണ്ട് ആവി പറക്കുന്ന പാലടപ്രഥമന്‍ നോക്കിയിരിക്കുന്ന ഒരുവന്റെ അവസ്ഥയാണ് നമ്മുടെ കഥാനായകന്‍ നിഷാദിന്.... അങ്ങിനെ രണ്ടു പേരും കട്ടിലില്‍ കയറിക്കിടന്നു.... ഒന്ന് മയങ്ങി മൂത്രശങ്ക ഉണ്ടായപ്പോള്‍ ആണ് നിഷാദ്‌ ലൈറ്റ് ഇട്ടത്.... കണ്ടതോ അംഗലാവണ്യം തുളുമ്പുന്ന മേനിയഴകോടെ നമ്മുടെ കഥാനായിക മലര്‍ന്ന് കിടന്ന് നല്ല ഉറക്കം..... നിഷാദിന്റെ മനസ്സില്‍ ഒരു ടി ജി രവി ഉണര്‍ന്നു.... സീമച്ചേച്ചിയെ റേപ്പ്‌ ചെയ്യുന്നതിനെ സ്മരിക്കുന്ന പ്രതീതിയില്‍ സ്വന്തം ഭാര്യയെ റേപ്പ്‌ ചെയ്യാന്‍ നിഷാദ് അവളുടെ ദേഹത്തേക്ക്‌ ചാടിവീണു......

അപ്രതീക്ഷിതമായ ആക്രമണം നജ്മയും പ്രതീക്ഷിച്ചില്ല..... കുതറി കുറച്ചകലെ നായിക മാറിനിന്നു....

എന്താടി അനക്ക്?..... നിഷാദ്‌ ഒരു മാര്‍ക്കറ്റ് കേടിയായി....

ഞാന്‍ ഉമ്മാട് പറയും..... വീണ്ടും നായിക....

അത് വരെ പിടിച്ച് നിര്‍ത്തിയ ദേഷ്യം മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയ പ്രതീതിയില്‍ നിഷാദ്‌ അങ്ങ് പൊട്ടിത്തെറിച്ചു

'' നായ്യിന്റെ മോളെ, വിളിക്കെടീ നിന്‍റെ ഉമ്മനെ..... പേടിയാണേല്‍ ഉമ്മാനേം വിളിച്ചോ ന്നിട്ട് ഞമ്മടെ എടെല്‍ കിടത്തിക്കോ!!!!!ഹല്ല പിന്നെ'''

എന്തോ നജ്മയുടെ ഉമ്മാടെ പിന്നീടുള്ള ദീര്‍ഘകൌണ്‍സിലിങ്ങിന്റെ ഫലമാണോ മറ്റോ എന്‍റെ ഗള്‍ഫില്‍ നിന്നുമുള്ള ആദ്യ നാടുകാണലിനു നിഷാദിന്റെ വീട്ടില്‍ ചെന്നപ്പോള്‍ ഇപ്പറഞ്ഞ നജ്മ ഒരു കുട്ടിയേം ഒക്കത്ത് ഇരുത്തി കാക്കയുടെയും പൂച്ചയുടെയും കഥകള്‍ പറഞ്ഞ് കുഞ്ഞിന് ഭക്ഷണം കൊടുക്കുകയായിരുന്നു....

ഇത് കണ്ട് ഞാന്‍ നിഷാദിനോടു ഒരു ചെറുപുഞ്ചിരിയോടെ ചോദിച്ചു..

എന്തായാലും ഉമ്മാട് പറഞ്ഞാണെലും നജ്മ ഒരു കുഞ്ഞിനെ ഒപ്പിച്ചു അല്ലേടാ നിഷാദേ?...

ഇത് കേട്ടതും എന്തോ അബദ്ധം പറ്റിയത് ഓര്‍മ്മ വന്നതുപോലെ '' പടച്ചോനെ ഇതും ഈ പണ്ടാരം അവിടെയും നാടിയോ?, എന്നും പറഞ്ഞ് നിഷാദിന്റെ പുറത്ത്‌ നോക്കി ആഞ്ഞൊരു അടിയായിരുന്നു നമ്മുടെ നജ്മ...

പിന്നെ അവിടെ നടന്നത് ഒരു കൂട്ടച്ചിരിയായിരുന്നു......

2011, ജനുവരി 2, ഞായറാഴ്‌ച

പെണ്ണിന്‍റെ മാനത്തിന് വെറും 50 ദിര്‍ഹം മാത്രം..രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് എന്‍റെ ഒരു സുഹൃത്ത്‌ എനിക്കൊരു വീഡിയോ മെയില്‍ വഴി അയച്ചുതന്നിരുന്നു... ഇന്നുള്ള മള്‍ട്ടിമീഡിയ മൊബൈല്‍ ഉള്ള വായനക്കാരന്‍ ആണെങ്കില്‍ ഒരുപക്ഷെ നിങ്ങളുടെ എല്ലാവരുടെ മൊബൈലിലും ഈ ഒരു വീഡിയോ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിക്കട്ടെ... Naif എന്നാണ് ആ മൊബൈല്‍ ക്ളിപ്പിന്റെ പേര്... ഞാന്‍ തുറന്നു നോക്കിയപ്പോള്‍ കണ്ട കാഴ്ച തീര്‍ത്തും ഭീകരവും മനുഷ്യാവകാശലംഘനവും ആയ ഒരു ചെറുക്ലിപ്പ്.... ഇന്ന് സ്വര്‍ഗ്ഗം എന്ന് നമ്മളെല്ലാം വിളിക്കുന്ന ദുബായ്‌ നഗരത്തിലെ അനധികൃതമായി നടത്തുന്ന ഒരു വേശ്യാലയത്തില്‍ പോലീസ്‌ റൈഡ് നടത്തിയതിന് ശേഷം അതില്‍ മലയാളികള്‍ എന്ന് തോന്നിപ്പിക്കുന്ന യുവതികളുടെ നഗ്നശരീരങ്ങള്‍ ഭീഷണിയാല്‍ തുറന്ന് പ്രദര്‍ശിപ്പിക്കുന്ന ഒരു പോര്‍ണോഗ്രാഫിവീഡിയോ... ഉടനെത്തന്നെ ഫോണെടുത്ത് അയച്ച ആളെ വിളിച്ച് കാര്യങ്ങള്‍ അന്യേഷിച്ചപ്പോള്‍ കേട്ട വാര്‍ത്ത ഏറെ ഭീകരവും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതും എന്നാല്‍ പരസ്യമായി കണ്ണടക്കുന്നതും ആയ ഒരു വലിയ ചതിയുടെ കഥയായിരുന്നു......

ഭൂമിയിലെ സ്വര്‍ഗ്ഗം എന്നാണ് മലയാളത്തിലെ ഒരു സിനിമാതാരം ഇപ്പോള്‍ അടുത്ത് ദുബായിയെക്കുറിച്ച് ലോകത്തോട് വിളിച്ചുപറഞ്ഞത്.. അതുകേട്ട കേരളത്തിലെ പല മങ്കമാരും ആ നാടിനെക്കുറിച്ച് ആഞ്ഞ് ഒരു സ്വപ്നം കണ്ടു..... ഞാന്‍ ഒന്ന് പറയട്ടെ ദുബായിക്ക് മറ്റൊരു മുഖം കൂടിയുണ്ട്.... അത് നീചവും വികൃതവും ആണ്.. വിശ്വാസമില്ലേല്‍ ദേരയില്‍ ഒന്ന് പോയി രാത്രി എതെങ്കിലും ഒരു ആളില്ലാത്ത ഭാഗത്ത്‌ പോയി നിന്നാല്‍ മാത്രം മതി... അപ്പോള്‍ അറിയാം ദുബായിയുടെ യഥാര്‍ത്ഥ മുഖം..... ഇവിടെ ഈ നാട്ടില്‍ ഒരു പെണ്ണിന്‍റെ മാംസത്തിന്‍റെ വില വെറും 50 ദിര്‍ഹം മാത്രം...

ഈ സ്വര്‍ഗ്ഗഭൂമിയിലേക്ക് ജോലി അന്യേഷിച്ച് കേരളത്തിലെ പുരുഷന്‍മ്മാര്‍ക്ക് പുറമേ സ്ത്രീകളും ഇവിടെ ഫ്ലൈറ്റ് ഇറങ്ങുന്നുണ്ട്.... അവനാന്റെ കയ്യിലുള്ള സര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തിനാലും തലയിലെ വരയിനാലും ഇപ്പറഞ്ഞ രണ്ടു പേര്‍ക്കും ജോലികള്‍ ഇവിടെ കിട്ടുന്നുമുണ്ട്..... എന്നാല്‍ ഇപ്പോള്‍ ഈ ഇടയായി കേരളത്തില്‍ നിന്നും പ്രത്യേകിച്ച് ഇന്ത്യയുടെ മറ്റു ഭാകങ്ങളില്‍ നിന്നും സ്ത്രീകള്‍ കൂട്ടത്തോടെ ഇറങ്ങുന്നത് തികച്ചും ആശങ്കാജനകമായ ഒരു കാര്യമാണ്... അന്യേഷിച്ചപ്പോള്‍ അവരെല്ലാം ഹൌസ്മയിട് വിസയില്‍ ആണ് വന്നത് എന്ന് കേട്ടപ്പോള്‍ ഒരു ചെറിയ ആശങ്ക... ലോകത്തിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും വരുന്ന സ്ത്രീകളില്‍ എത്തുന്നവരില്‍ ഇന്ത്യക്കാരികള്‍ അടക്കം പലവരും അപ്പറഞ്ഞ ജോലിയല്ല ഇവിടെ എടുക്കുന്നത് എന്ന്‍ കേട്ടപ്പോള്‍ ആണ് ഞാന്‍ ഇതിനെക്കുറിച്ച് വ്യക്തമായ ഒരന്യേഷണത്തിലേക്ക്‌ തിരിഞ്ഞത്.. ആ ചതികളെപ്പറ്റി എഴുതുമ്പോള്‍ പോലും എനിക്ക് ഭയം തോന്നുന്നു...

ദുബായിലേക്ക്‌ ജോലിവാഗ്ദാനം നല്‍കി സ്ത്രീകളെ കടത്തി അവിടെ പെണ്‍വാണിഭത്തിന് ഉപയോഗിച്ചു എന്ന ഒരു കേസില്‍ 36 കാരനായ മട്ടാന്‍ഞ്ചേരിക്കാരന്‍ പോലീസിന്‍റെ വലയില്‍ ആയപ്പോള്‍ ആണ് ദുബായിലെ രതിലോകത്തിലെക്ക് കേരളകണ്ണുകള്‍ എത്തുന്നത്.... സ്ത്രീകളില്‍ പലവരും ചിന്തിക്കുന്നത് നല്ല ജോലി ലഭിക്കും, കുടുംബം കര കയറും എന്ന നല്ല മനസ്സുകളാല്‍ ആണ് ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെടുന്നത്.... എന്നാല്‍ ഇവിടെ വന്ന് ഇറങ്ങിയാല്‍പ്പിന്നെ അവരുടെ അവസ്ഥ ഭീകരമാണ്... ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ആണ് ഇവരില്‍ പലവരെയും വമ്പന്‍മ്മാരുടെ അത്താഴവിരുന്നാക്കുന്നത്.....ഇതിന് വേണ്ടി മാത്രം കൊച്ചിയില്‍ ഒരു വലിയ റാക്കറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ടത്രേ....

സ്വന്തം വീട്ടിലെ ദയനീയാവസ്ഥക്ക് ഒരു പരിഹാരമാക്കാന്‍ ആണ് ഇവരില്‍ മിക്കവരും ഗള്‍ഫ്‌ എന്ന മായാ ലോകത്തിലേക്ക് പറക്കുന്നത്....ഇന്ന് ഗള്‍ഫില്‍ വീട്ടുജോലി ചെയ്യുന്ന ഒട്ടുമിക്ക സ്ത്രീകളുടെ അവസ്ഥ ഭിന്നമല്ല... പകലുമുഴുവന്‍ അറബിച്ചിയുടെ തെറിയും കേട്ട് മാട് പോലെ പണിയെടുക്കുകെയും രാത്രി അറബിയുടെ രതിലീലകള്‍ക്ക് കിടക്കപങ്കിടെണ്ട അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ...എത്ര ഭയാനകം ആണ് അല്ലെ?.....ഇന്നും തന്റെ വിധിയെയും കുടുംബത്തെയും ഓര്‍ത്ത്‌ മാത്രം ആത്മഹത്യ ചെയ്യാത്ത മലയാളി മങ്കകള്‍ ഇന്നും അറബിവില്ലകളില്‍ ജീവിക്കുന്ന ശവങ്ങളായി കേരളജനതയ്ക്ക് മുന്‍പില്‍ ഒരു ചോദ്യചിഹ്നമായി നിലകൊള്ളുന്നു..... ഇതിനെന്നെങ്കിലും ഒരു അവസാനം ഉണ്ടാകുമോ ?.....

നിങ്ങള്‍ അറിയാത്ത മറ്റൊരു കാര്യവും ഉണ്ട് ഇവിടെ... ഇവരില്‍ വന്നിറങ്ങുന്ന പലവര്‍ക്കും... മതിയായ രേഖകളോ മറ്റോ ഇല്ലാത്തവരാണ് ഇപ്പോഴും.... ഹൌസ്മൈട് വിസയില്‍ വരുന്ന 80% സ്ത്രീകളില്‍ 20% ശതമാനം ആളുകള്‍ക്കും ഇപ്പോഴും ഒരു രേഖയും ഇല്ലാതെയാണ് ഇവിടെ നില്‍ക്കുന്നത്..ബാക്കി അറുപതില്‍ 20%ആളുകള്‍ മാത്രമേ ശരിയായ ജോലി ഇവിടെ എടുക്കുന്നുമുള്ളു... അങ്ങിനെയാണെങ്കില്‍ ബാക്കിയുള്ള നാല്പത് ശതമാനം ആളുകള്‍ എന്താണ് ഇവിടെ ചെയ്യുന്നത് എന്ന് നമ്മളാരെങ്കിലും ആലോചിച്ചിട്ടുണ്ടോ ?..... ഇത്തരം പെണ്‍വാണിഭം നടക്കുന്നതിനെപ്പറ്റി അന്യേഷിച്ചാല്‍ ചെന്നെത്തുന്നത് ഇപ്പറഞ്ഞതില്‍ എന്തെങ്കിലും ഒരു ഏജന്റിന്റെ അടുത്താവും.... ഇന്ന് 10 പെണ്ണുങ്ങളെ ഇവിടെ എത്തിച്ചാല്‍ മാത്രം മതി ഇപ്പറഞ്ഞവന് ഒരു തലമുറക്ക്‌ ഇരുന്ന് തിന്നാനുള്ളതൊക്കെ ദുബായില്‍നിന്ന് തന്നെ ഉണ്ടാക്കുന്ന പകല്‍മാന്യമ്മാര്‍ ഇവിടെയും കേരളത്തിലും വിലസുന്നുണ്ട്.... ഇവരെ നിയമത്തിന് മുന്‍പില്‍ കൊണ്ടുവരാന്‍ ഇന്നുള്ള ഒരു ഗവണ്‍മെന്റ്നോ അല്ലെങ്കില്‍ പോലീസിനോ കഴിയാത്തത് ശ്രദ്ധേയമാണ്.....

ഇതിനൊരു മാറ്റം അത്യാവശ്യമാണ്... അതിന് വേണ്ടി വിദേശകാര്യമന്ത്രാലയം ഇനിയെങ്കിലും ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കണം എന്നാണ് എന്‍റെ അഭ്യര്‍ത്ഥന.... ഉന്നതാധികാരികളുടെ ഇടപെടല്‍കൊണ്ട് മാത്രമേ ഈ ഒരു പ്രശ്നത്തിന് എന്തെങ്കിലും പരിഹാരം കാണാന്‍ കഴിയൂ.. വിദേശത്ത്‌ ജോലി ചെയ്യുന്ന വനിതകളുടെ പരാതി കേള്‍ക്കാന്‍ ഇനിയും ഇന്ത്യന്‍ എംബസികള്‍ തയ്യാറാകണം......അവരെ കമ്പോളത്തിലെ ചരക്കാക്കാന്‍ ഒരിക്കലും അനുവദിക്കാതിരിക്കുക ഇനിയെങ്കിലും....കാരണം നമ്മുടെ ഭാരതത്തിന് ഒരു നല്ല സംസ്കാരമുണ്ട്...അത് മറക്കരുത്... ഇന്ന് ഇന്ത്യയുടെ സമ്പദ്വ്യവസ്ഥക്ക് ചുക്കാന്‍ പിടിക്കുന്ന വിദേശനാണയത്തിന്റെ വില അറിയുന്ന ഒരു ഭരണകൂടം ആണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത് എന്ന് ഞാന്‍ വിശ്വസിക്കുന്നു..... ഇന്ന് വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാനോ അല്ലെങ്കില്‍ ഇന്ത്യക്കാരിയോ, അവരുടെ ജീവിതവും ജോലിയും സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് അത് ഈ ഗവണ്‍മെന്റ്ന്‍റെ ഉത്തരവാദിത്വവും ബാധ്യതയും ആണ്.. അത് മറക്കാതിരിക്കുക.... എപ്പോഴും......
Related Posts Plugin for WordPress, Blogger...