2011, ജനുവരി 13, വ്യാഴാഴ്‌ച

ഇനിമുതല്‍ ബ്ലാറ്റര്‍ ആണ് നമ്മുടെ ദൈവം...



തുറന്ന് പറയാമല്ലോ വായനക്കാരെ,... 1947 ആഗസ്റ്റ്‌ 14ന് രാത്രി വെള്ളക്കാര്‍ ഇന്ത്യയുടെ ഭരണം ഇവിടുത്തെ കൊള്ളക്കാരില്‍ ഏല്‍പ്പിച്ചതില്‍ ഇന്നേറ്റവും കൂടുതല്‍ വേദനിക്കുന്ന ഒരു സിംഹം ആണ് ഈ വിരല്‍ത്തുമ്പ് ബ്ലോഗര്‍... അന്ന് ആ പാവങ്ങള്‍ ഭരിച്ച സമയത്ത് നമുക്ക് തന്ന് പോയ റയില്‍വേയും വലിയ വലിയ ഡാമുകളും യമകണ്ടന്‍ പാലങ്ങളും അല്ലാതെ സ്വാതന്ത്ര്യം കിട്ടി ഇത്ര വര്ഷം ആയിട്ടും ഇവിടെ ഇവമ്മാരോക്കെക്കൂടി എന്ത് ഒലത്തി ???..... നിങ്ങള്‍ ചിന്തിക്കണം ഇപ്പോള്‍ അടുത്ത് കഴിഞ്ഞ ഏഷ്യന്‍ഗൈംസ് ആരും അങ്ങിനെ മറക്കാന്‍ വഴിയില്ല എന്ന് വിചാരിക്കുന്നു....എന്തൊക്കെ പുകിലുകള് നമ്മള്‍ കണ്ടു... ആരൊക്കെ കട്ടു....ആരൊക്കെ പെട്ടു?... അതില്‍ ആരൊക്കെ രക്ഷപ്പെട്ടു?... ഇനി ഇതൊക്കെ പോട്ടെ ആ ഗൈമ്സിന്റെ മറവില്‍ ഇന്നുള്ള ഏതൊക്കെ രാഷ്ട്രീയ ബുജികള്‍ പോക്കറ്റ് വീര്‍പ്പിച്ചു??.... എല്ലാം നമുക്കറിയാം.. ഇതൊക്കെ അറിഞ്ഞിട്ടും ഇന്നുള്ള ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങള്‍ നിശബ്ദത പാലിക്കുന്നത് എന്താണെന്ന് ആര്‍ക്കും ഒന്നും അറിയില്ലെങ്കിലും ഈ വിരലിന് ഒന്നറിയാം....

ദീപസ്തംഭം മഹാശ്ചര്യം!!
നമുക്കും വേണം പണം.....

ഏഷ്യന്‍ ഗൈമ്സിന്റെ പരാജയത്തിനെ മുന്നില്‍കണ്ട് അത് ഒരു വിജയമാക്കിമാറ്റിയ ആ മാജിക്കിന് സോണിയക്കും ഷീലദീക്ഷിത്തിനും ഞാന്‍ ആദ്യമായി എന്‍റെ ആദരവ് അറിയിക്കട്ടെ.... അല്ലെങ്കിലും ഇന്ന് ഇന്ത്യ ഭരിക്കാന്‍ പ്രാപ്തിയുള്ളതും കഴിവുള്ളതും ഇനി സ്ത്രീകള്‍ക്ക് മാത്രമേ കഴിയൂ എന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു.. ഇനി അതൊക്കെ പോട്ടെ അങ്ങിനെ വിജയിക്കുന്ന ഒരു സംഭവത്തെ ഈ പത്രക്കാരെന്നു പറയുന്ന നാറികളും വിഷ്വല്‍മീഡിയകളും കൂടി കുളമാക്കി ചിത്രീകരിച്ച ഇന്ത്യ എന്ന മഹാരാജ്യത്തിലെക്ക് ലോകകപ്പ് ഫുട്‌ബോള്‍ വരുന്നു എന്ന് പറയുമ്പോള്‍ ഇതുവായിക്കുന്ന മലപ്പുറത്ത്കാരന്‍ അടക്കം ഏതൊരു മലയാളിയുടെയും മനസ്സില്‍ കുറെയേറെ വര്‍ണ്ണങ്ങള്‍ ചാലിക്കുന്നത് എനിക്കിവിടെയിരുന്നു കാണാം.. അതെ കൂട്ടുകാരെ ഇന്ത്യയിലും ലോകകപ്പ് വരാം... അതിനുള്ള സൂചന നമ്മുടെ ഫിഫ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് ബ്ലാറ്ററുടെ വാക്കുകളില്‍ ഇന്നലെ കണ്ടു... നിങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒന്നുണ്ട്.. 2022ല്‍ ഖത്തറിലെ സ്റ്റേഡിയത്തില്‍ പന്തുരുളാന്‍ ചുക്കാന്‍ പിടിച്ചത് ഈ ഒരു നല്ല മനുഷ്യന്‍റെ തീരുമാനത്തിനാലാണ്... ഖത്തറിനു പുറമേ അത് നമ്മുടെ ഏഷ്യന്‍ ഉപഭൂഘണ്ടത്തിന്റെ വിജയമായിട്ടാണ് നമ്മൊളൊക്കെ ഇപ്പോഴും ആഘോഷിക്കുന്നത്....

120കോടി ജനങ്ങള്‍ വസിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യത്ത് 2026ല്‍ ലോകകപ്പിന് ആതിഥ്യമരുളിയേക്കാം എന്ന സൂചനയാണ് ഇന്നലെ ബ്ലാറ്റര്‍ ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് നല്‍കിയത്...ക്രിക്കറ്റ് എന്ന കളിയേക്കാള്‍ ഫുട്ബോളിന് ഏറ്റവും നല്ല വളക്കൂറുള്ള മണ്ണാണ് ഇന്ത്യ... കൂടാതെ ഏഷ്യയിലെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് ഇന്ത്യന്‍ മാര്‍ക്കറ്റ്..... ആയതുകൊണ്ട്തന്നെ ഫിഫ എന്ന പ്രസ്ഥാനം ഫുട്‌ബോള്‍ ഇന്ത്യയിലേക്ക്‌ എത്തിക്കുന്നതിനു മറ്റൊരു മാര്‍ക്കറ്റിംഗ് രീതിയാണ് ഇവിടെ അവലംബിച്ച്കൊണ്ടിരിക്കുന്നത്..... സാമ്പത്തികമായി ഇന്ത്യ കുതിച്ചുയരുന്നു എന്നതും ഈയൊരു സ്വപ്നം യാഥാര്‍ത്ഥ്യം ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.....

ക്രിക്കറ്റിനെ അപേക്ഷിച്ച് ഫുട്ബോളില്‍ ഇന്ത്യയുടെ കായികശേഷി വളരെയധികം പിന്നോക്കം ആണ്... ഈ ഒരു മാമാങ്കത്തിന് ഇന്ത്യ സാക്ഷ്യംവഹിക്കുന്നതോടെ ഒരുപക്ഷെ ഇന്ത്യന്‍ ഫുട്ബോളിന്റെ പ്രതിച്ഛായയെത്തന്നെ ഒരു പക്ഷെ മാറിമറിയുന്നത് ലോകം സാക്ഷിയാകും..... 2022 ലെ ഫുട്ബോള്‍ മാമാങ്കത്തിന് ഖത്തറിന് അനുമതി നല്‍കിയ ബ്ലാറ്റര്‍ ലോകരാഷ്ട്രങ്ങളുടെ വിമര്‍ശനം പിടിച്ചുപറ്റിയത് നമുക്കെല്ലാം അറിയുന്ന കാര്യം ആണല്ലോ... അതെ ബ്ലാറ്റര്‍ തന്നെ ഇപ്പോള്‍ കണ്ണ് ഇന്ത്യയിലേക്കും തിരിച്ചത് ഇതേ ലോകരാഷ്ട്രങ്ങളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.... എന്നാല്‍ ഇതിനൊക്കെപ്പുറമേ ഇന്ത്യക്ക്‌ ഇതിനുള്ള അവസരം ലഭിക്കില്ല എന്ന് കിംവദന്തി ഉണ്ടായിട്ടുണ്ട്....2022 ന് ശേഷം 8 വര്ഷം കഴിയാതെ ഫിഫ നിമയപ്രകാരം ഏഷ്യന്‍ ഉപഭൂഘണ്ടത്തിലെ ഒരു രാജ്യത്തിലും ഫുട്ബോള്‍ നടത്താന്‍ സാധിക്കില്ല എന്നാണു കേട്ടുകേള്‍വി.... ആ..എനിക്കറിയാമ്മേല, ബ്ലാറ്റര്‍ എവിടേക്ക്
നോക്കിയാണാവോ ഇത് തട്ടിവിട്ടത്....

ഇനി ഇപ്പറഞ്ഞതൊക്കെ നടക്കണമെങ്കിലും ആ രാജ്യത്തിനും ഒരു കുരുംത്തോം പോരുത്തോം ഒക്കെ വേണം... എവിടെ?..... ഇനി അതിന്റെ പിറകെ എത്ര ഹര്‍ത്താലാണാവോ ഈശ്വരാ നമ്മള്‍ കാണേണ്ടി വരുക... ഈ രാഷ്ട്രീയ പെക്കോലങ്ങളെ ചാണക്യതന്ത്രത്തില്‍ പറഞ്ഞപോലെ പിഴുത് മാറ്റുമ്പോള്‍ വേരോടെ ഇടുത്ത്‌ കളയണം എന്ന പറഞ്ഞപോലെ ഇവിറ്റങ്ങളെ വേരോടെ പുറത്ത്‌ കളഞ്ഞു ഈ ഇന്ത്യ മഹാരാജ്യം നന്നാക്കാന്‍ എന്നെങ്കിലും കഴിയുവോ ആവോ??....

2011, ജനുവരി 11, ചൊവ്വാഴ്ച

എന്‍റെ ദൈവത്തിന്‍റെ സ്വന്തം നാട്.....



ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ കാലുകുത്തിയപ്പോള്‍ തന്നെ മനസ്സ്‌ പട പാടാന്ന് ഇടിക്കാന്‍ തുടങ്ങി.. കാരണം മറ്റൊന്നുമല്ല.... നംബോലനു വൈദ്യര്‍ ശക്തി മരുന്ന് ഉണ്ടാക്കാന്‍ വേണ്ടി എഴുതിയ ഒരു വലിയ ചീട്ടുപോലെ വീട്ടിലേക്ക്‌ വേടിക്കാന്‍ ഉമ്മ പറഞ്ഞ സാധനങ്ങള്‍ പാക്ക്‌ ചെയ്തപ്പോള്‍ എമിറേറ്റ്‌സ്‌ ഫ്ലൈറ്റില്‍ അവര്‍ നിര്‍ദ്ദേശിച്ച തൂക്കത്തില്‍ കൂടുതല്‍ ആയിരുന്നു സാധനങ്ങളുടെ തൂക്കം..... വെള്ള ഷര്‍ട്ടും അടിപൊളി ജീന്‍സും ഇട്ടപ്പോള്‍ ഏതോ ഒരു വെദേശിയാണ് എന്നോ മറ്റോ വിചാരിച്ചാവണം, അവര്‍ അത് മൈന്റ് ചെയ്തില്ല എന്ന് മാത്രമല്ല വേഗം തന്നെ ബോഡിപാസും തന്ന് എന്നെ ഒരു മൂലക്ക് പിടിച്ചിരുത്തി... അഹങ്കാരം കൊണ്ടു പറയുകയാണ്‌ എന്ന് തോന്നരുത്‌... സുന്ദരികളായ എയര്‍ഹോസ്റ്റസ്കളുടെ കൊല്ലണ നോട്ടം ആണ് ഫ്ലൈറ്റിനകത്ത് എനിക്ക് സഹിക്കാന്‍ കഴിയാഞ്ഞത്.... എന്തോ എന്റെ ഭാഗ്യം കൊണ്ടാണോ അതോ ഇനി ദുബായുടെ കഷ്ടകാലം തീര്‍ന്നത്കൊണ്ടാണോ മറ്റോ തിങ്കളാഴ്‌ച രാവിലെ 8:30 AM ന് എമിറേറ്റ്സ് ഫ്ലൈറ്റ്‌ കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിലംതൊട്ടു... എമിഗ്രേഷന്‍ കഴിഞ്ഞ് പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ എല്ലാ പ്രവാസികള്‍ക്കും ഉണ്ടാകുന്ന ഒരു പ്രത്യേക ആനന്ദം ഈ വിരല്‍ത്തുമ്പിനും ഉണ്ടായി... ഉമ്മ പറഞ്ഞ് വിട്ട വീട്ടിലെ കാറില്‍ അനിയനുമായി ഒരു ദീര്‍ഘയാത്ര.... അതില്‍ ഞാന്‍ കണ്ട കേരളത്തിന്‍റെ യഥാര്‍ത്ഥ കാഴ്ച്ച കേരളത്തില്‍ ഉള്ളവരും ഇപ്പോള്‍ വിദേശത്ത്‌ ജോലി ചെയ്യുന്നവര്‍ക്കും ടെഡിക്കേറ്റ് ചെയ്യുന്നു.....

ബിഗ്‌ ബി എന്ന സിനിമയില്‍ മമ്മുക്ക പറഞ്ഞതിനോട് തീര്‍ത്തും യോചിക്കാന്‍ കഴിയാത്ത ഒരു അഭിപ്രായം ആണ് എനിക്ക് കൊച്ചിയെപ്പറ്റി പറയാന്‍ ഉള്ളത്... വിരല്‍ത്തുമ്പ് പഴയ വിരല്‍ത്തുമ്പല്ല പക്ഷെ കൊച്ചി പഴയ കൊച്ചി തന്നെയാണ്... കൊച്ചിക്കാരും മമ്മുക്കയും ക്ഷമിക്കണം.... ഇന്നും കൊച്ചിയുടെ സുഗന്ധത്തിന് ഒരു മാറ്റവുമില്ല.... വണ്ടിയില്‍ അനുജന്‍ ഇട്ട എ സി ഓഫ് ചെയ്തു നാടിന്‍റെ മണം ഒന്നാസ്വതിക്കാന്‍ അറിയാതെ വിന്‍ഡോ തുറന്നതാണ്... ഹൌ എന്താ ദുര്‍ഗന്ധം!!!... ഇന്ന് കേരളത്തില്‍ വിദേശികള്‍ പ്രധാനമായും വന്നിറങ്ങുന്ന സ്ഥലം ആണ് കൊച്ചി... ആ കൊച്ചിയുടെ മണം ആണ് ഞാന്‍ മുകളില്‍ വിവരിച്ചത്... ഒരുപക്ഷെ വന്ന വിദേശികള്‍ കേരളത്തിന്‍റെ സ്വന്തം ബ്രാന്റ് അംബാസഡര്‍ നമ്മുടെ പരശ്ശുരാമനെ തെറിവിളിച്ചാവും മിക്യവാറും കേരളം വിടുന്നുണ്ടാകുക.....

പിന്നെ പ്രധാനമായും എന്റെ ശ്രദ്ധചെന്നത് കേരളത്തിലെ റോഡുകളിലാണ്.... ഇപ്പഴും ഒരു മാറ്റവും ഇല്ലന്നേ..... ആ പഴയ കുഴിയുടെ വലുപ്പം കുറച്ച് കൂട്ടി എന്നല്ലാതെ ഒന്നും ഇവിടെ നടക്കുന്നില്ല എന്ന് എനിക്ക് മനസ്സിലായി..... ചിലയിടങ്ങളില്‍ ചെറിയ കുഴികള്‍ പഞ്ചര്‍ അടച്ചു എന്നല്ലാതെ കേരളത്തിലെ റോഡുകള്‍ ഇന്നും അതിനു മധുരപ്പതിനേഴ് തന്നെയാണ്..... ജനപ്രിയ മുഖ്യമന്ത്രി സഖാവ് നായനാര്‍ പറഞ്ഞത് ഓരോ ഘട്ടറില്‍ ഞാന്‍ ചാടുമ്പോള്‍ ഓര്‍ത്തുകൊണ്ടിരുന്നു..... ഗള്‍ഫിലെ പോയാല്‍ അവിടുത്തെ റോട്ടില്‍ ചോറിട്ട് തിന്നാത്രേ.... അദ്യെഹത്തിന്‍റെ അനുയായികളായ മിക്യ കമ്മ്യൂണിസ്റ്റ് പടുക്കളും അത് ഒരു കോമഡിയി കണ്ടപ്പോളും എനിക്ക് അത് മറ്റൊരു രീതിയില്‍ ആണ് തോന്നിയത്... അദ്യെഹത്തിന് ശേഷം വരാന്‍പോകുന്ന ആളുകള്‍ ഇപ്പറഞ്ഞ പോക്രിത്തരങ്ങളൊക്കെ ചെയ്യും എന്നോ മറ്റോ അദ്യേഹം മുന്‍കൂട്ടി കണ്ടിരിക്കാം.... ആ....എനിക്കറിയാമ്മേലേ.........

ചാലക്കുടി കഴിഞ്ഞ് തൃശൂരിലേക്ക് വരുമ്പോള്‍ പണി തീരാത്ത ഒരു ബ്രിഡ്ജ് കണ്ടപ്പോളാണ് ഈ കേരളത്തിലെ ഭരാണിധികാരികളോട് ഒരുതരം പുച്ഛം തോന്നിയത്.... കാരണം ഇക്കഴിഞ്ഞ പത്ത് വര്ഷം ഒന്നും ചെയ്യാതെ ഒരു വലിയ സ്മാരകം കാണക്കെ ഇപ്പോഴും ഒരു ഭീകരകൊണ്ഗ്രീറ്റ്‌ ശില്‍പം കണക്കെ തലയിടുപ്പോഴേ നില്‍ക്കുന്നുണ്ട്... ഈ ഭരണാധികാരികള്‍ എന്താണ് ഈ കേരളത്തിന്വേണ്ടി ചെയ്യുന്നത്? എന്ന് എനിക്ക് തോന്നിപ്പോകുന്നതായിരുന്നു ഇക്കാഴ്ച്ച.... കഷ്ടം!!... ആ!! വോട്ട് ബാങ്ക് ഫില്‍ ആക്കാന്‍ നോട്ടോട്ടം ഓടുന്ന ഇവര്‍ക്കൊക്കെ എവിടെയാ ജനങ്ങളുടെ വേദന കണ്ടെത്താന്‍ സമയം അല്ലെ?.... മ് അതിനൊക്കെ പറ്റിയ ആളുകളാണല്ലോ കേരളത്തിന്‍റെ കഴുതകള്‍ എന്ന് വിളിക്കുന്ന പൊതുജനം.... ഹര്‍ത്താലും ബന്ദും ഇത്ര നാന്നായി ആഘോഷിക്കുന്ന ഒരു ജനതയെ നമ്മളൊക്കെ മഷിയിട്ട് നോക്കിയാല്‍ കണ്ട് കിട്ടുമോ???.......അതാണ്‌.....

തൃശൂര്‍ കണ്ടപ്പോള്‍ ആണ് സത്യത്തില്‍ കണ്ണുനിറഞ്ഞത്..... ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ തേട്ടിവന്നു.....കൌമാരക്കാരനായ പഴയ വിരല്‍ത്തുമ്പിന്‍റെ കാല്‍സ്പര്‍ശം പതിഞ്ഞ എന്‍റെ തൃശുവപ്പെരൂര്‍.... ആ റൌണ്ടും സാഹിത്യ അക്കാദമിയും ശക്തന്‍തമ്പുരാന്‍ ബസ്റ്റാനറും രാഗം തീയ്യറ്ററും എനിക്ക് എങ്ങനെ മറക്കാന്‍ കഴിയും.... ഏതോ തീപ്പെട്ടിക്കൊള്ളി പാര്‍ട്ടിയുടെ ഒരു പാര്‍ട്ടിയുടെ ചെറിയ ജാത കാണാന്‍ ഇടയായി എന്നതൊഴിച്ചാല്‍ തൃശൂരിന് ഒരു മാറ്റവും ഇല്ല....വീട്ടിലേക്കുള്ള യാത്രയുടെ ദൈര്‍ഘ്യം കുറഞ്ഞ് വരുന്നതുപോലെ എനിക്ക് തോന്നി....അതിലും ഏറ്റവും രസകരം തൃശൂരിലെ ബിവറേജ് കോര്‍പ്പറേഷന് മുന്‍പിലെ ക്യൂ കണ്ടിട്ടാണ്...വിദേശികള്‍ പോലും നാണിച്ച് പോകുന്ന രീതിയിലാണ് വളരെയധികം അച്ചടക്കം പാലിച്ചുള്ള കുടിയന്‍മാരുടെ ഒരു നീണ്ട ക്യൂ...കേരളീയന്‍ ഇന്നും അവന്‍റെ സോഷ്യലിസ്റ്റ് ചിന്താഗതി വച്ചുപുലര്‍ത്തുന്ന ഒരേ ഒരു കാര്യം ഒരുപക്ഷെ ഇതുമാത്രം ആകാം....

അങ്ങിനെ സ്വന്തം നാട്ടില്‍ കയറി....വീടിന്റെ അടുത്തുവരെ ടാറിട്ടതു കണ്ടപ്പോള്‍ ഒരു ചെറിയ സന്തോഷം തോന്നി.... നാട്ടിലുള്ള കുറച്ച് നല്ല ചെറുപ്പക്കാരുടെ ചിന്താഗതിയുടെ മാറ്റം എന്‍റെ പഞ്ചായത്തിന്‍റെ ഭരണത്തെത്തന്നെ മാറിക്കളഞ്ഞിരിക്കുന്നു.... ഒരു പക്ഷെ അതാവാം ഇങ്ങനെയൊരു മാറ്റത്തിന് കാരണം എന്നെനിക്ക് തോന്നി.... മാറ്റം അനിവാര്യം എന്ന മുഖമുദ്രയോടുകൂടിയ ഈ ഒരു തീരുമാനത്തെ എന്‍റെ നാട്ടിലെ നല്ലവരായ ചെറുപ്പക്കാരെ ഞാന്‍ ആദ്യം തന്നെ പ്രശംസിക്കട്ടെ......നാട്ടിലെ ആളുകളുടെ ചിന്താഗതിയിലും ചെറിയതോതിലുള്ള മാറ്റങ്ങള്‍ എനിക്ക് ഫീല്‍ ചെയ്തു....ഒരു പക്ഷെ ഇതൊരു നല്ല തുടക്കമാകാം.... അങ്ങിനെത്തന്നെയാകട്ടെ എന്ന് മനസ്സറിഞ്ഞു പ്രാര്‍ഥിക്കുന്നു.....

നല്ല തണുപ്പില്‍നിന്ന് കേരളത്തിലെ ചൂടിലേക്ക് വന്ന ഈ വിരല്‍ത്തുമ്പ് ആകെ പെട്ട്പോയിട്ട് ഇരിക്കുകയാണ്..... ഇവിടെയാണേല്‍ ഭയങ്കര പുഴുക്കം.... മേലാകെ പൊള്ളുന്നത് പോലെ തോന്നുന്നു.... കാലാവസ്ഥയില്‍തന്നെ ആകെക്കൂടി ഒരു മാറ്റം.... ഹരിതകേരളം എന്ന ഒരു പേര് മാത്രമേ ഇപ്പറഞ്ഞ കേരളത്തിന് ഉള്ളൂ....ജനുവരിയിലെ ആ തണുപ്പൊന്നും എനിക്ക് തോന്നിയില്ല... ആ!! കുറേക്കാലത്തിന് ശേഷം നാട്ടിലേക്ക്‌ വന്നതെല്ലേ ഇനി ഇതുമായി അങ്ങ് പൊരുത്തപ്പെട്ട് പോകുകതന്നെ..... ഹല്ല പിന്നെ.....

(ഇതൊരു യാത്രാവിവരണം മാത്രം ആണ്... എനിക്കറിയാം ഇന്നത്തെ പോസ്റ്റിനു ഒരു ഗുമ്മില്ല എന്ന്.... ഒരു സുഖച്ചികില്‍സക്ക് ശേഷം വരും ദിവസങ്ങളില്‍ വിരല്‍ത്തുമ്പ് വീണ്ടും തിരിച്ച് വരും.... അത് വരെ ഒരു ഷോര്‍ട്ട് ബ്രേക്ക്)
Related Posts Plugin for WordPress, Blogger...