2010, നവംബർ 22, തിങ്കളാഴ്‌ച

ഡോ: സുഗുണന്‍ തെക്കുംമൂട്ടിലിന്‍റെ പത്ത്‌ കല്‍പ്പനകള്‍......നാട്ടില്‍ പോകുംമ്പോളൊക്കെ പെണ്ണ് കാണാന്‍ എന്ന മോഹവുമായില്‍ ഒരുപാട് പുലിമടയില്‍ ഞാന്‍ കയറിയിറങ്ങാറുണ്ടായിരുന്നു... ഫലം തഥൈവ!!... നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ എന്നെയും എടുത്ത്‌ കൊണ്ട് അബുദാബിയില്‍ നിന്നുള്ള ഇത്തിഹാദു ഫ്ലൈറ്റ് ലാന്റു ചെയ്തതില്‍ പിന്നെ കേരളത്തിലെ സുന്ദരികളായ തരുണീമണികള്‍ ഏതു മടയില്‍ ആണാവോ എന്നെയും ഭയന്ന്‍ കയറിയിരിക്കുന്നത് എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്....അങ്ങിനെ പെണ്ണ് കെട്ടാന്‍ വേണ്ടി കരുതിവച്ച സ്വര്‍ണ്ണം പലപ്പോളും എന്നെ നോക്കി ''എന്നെ നിങ്ങള്‍ കമ്യൂണിസ്റ്റ്‌ ആക്കും'' എന്ന് പറഞ്ഞു കട്ടത്തെറി വിളിക്കാനും തുടങ്ങി....

എന്തിനും ഒരു പരിഹാരം വേണമല്ലോ!!... ഗൂഗിളില്‍ കയറി പരാതി അങ്ങ് അടിച്ച് കൊടുത്തു.... എന്ത് തെണ്ടിത്തരം എഴുതിച്ചോദിച്ചാലും ചിരിച്ച് കൊണ്ട് ഉത്തരം തരുന്ന ഗൂഗിള്‍ചേട്ടന് ഇതൊക്കെ അത്ര വലുതാണോ?....പുള്ളി ഓണ്ലൈനായി കണ്സല്‍ട്ട് ചെയ്യാന്‍ വേണ്ടി ഒരു ലിങ്ക് അങ്ങ് തന്നു.... അങ്ങിനെയാണ് ഡോക്ടര്‍ സുഗുണന്‍ തെക്കുംമൂട്ടിലിനെ ഓണ്‍ലൈനില്‍ കിട്ടുന്നത്.....ആദ്യം തന്നെ പറയട്ടെ, നല്ലൊരു തങ്കക്കുടം പോലൊരു മനുഷ്യന്‍... ആ ആദ്യേഹവുമായി കണ്സല്‍ട്ട് ചെയ്തതിന്റെ പ്രസക്തമായ ഭാഗങ്ങള്‍ ഇവിടെ ഇടുന്നു....ലക്ഷങ്ങള്‍ മാസവരുമാനം ഉണ്ടായിട്ടും പെണ്ണ് കിട്ടാത്ത സ്വദേശത്തും വിദേശത്തും ജോലിചെയ്യ്ത് പണ്ടാരമടങ്ങുന്ന എല്ലാ ചെറുപ്പക്കാര്‍ക്കും ഒരു പക്ഷെ ഇത് ഉപകാരം ചെയ്യും.....

വിരല്‍: ഹലോ സുഗുണന്‍ ഡോക്ടറല്ലേ?

സുഗുണന്‍: പറയടെയ്!!...

വിര: ഡോക്ടര്‍ ഞാന്‍ ഒരു പ്രശ്നത്തില്‍ പെട്ടിരിക്കുകയാണ്!!...

സുഗു: അതെനിക്കറിയാം... പ്രശ്നം ഇല്ലെങ്കില്‍ പിന്നെ നീയൊക്കെ ഇവിടെ വന്ന് കട്ടത്തെറി എഴുതി പോകാറല്ലേ പതിവ്....

വിര: ഇല്ല ഡോക്ടര്‍.. ഞാന്‍ അത്തരക്കാരനല്ല...

സുഗു: ഓക്കേ എന്നാ നിന്‍റെ പ്രശ്നം?. മൊഴിയടെ....

വിര: ഡോക്ടര്‍ എനിക്ക് പെണ്ണ് കിട്ടുന്നില്ല.....

സുഗു: ഹ ഹ ഹ അപ്പൊ നീ ആണല്ലേ? (കൊലച്ചിരി)

വിര: ദേ പോക്രിത്തരം പറഞ്ഞാലുണ്ടല്ലോ... ആ...(ദേഷ്യം മുഖത്ത് വെച്ച്കെട്ടി)

സുഗു: ഡേയ്... നീ അങ്ങ് കയറി റൈസ് ആവാതെ....

വിര: ആ അങ്ങിനെ വഴിക്ക്‌ വാ...

സുഗു: തമ്പുരാന് ഇപ്പൊ വയസ്സ് എത്രയായി?

വിര: ദേ ഈ കര്‍ക്കിടത്തില്‍ക്ക് ഇരുപത്താറു തികഞ്ഞു...

സുഗു: അപ്പൊ കഞ്ഞി ആണല്ലേ?.....

വിര: എന്ത് എന്ത്?.....(ദേഷ്യം രണ്ട്)

സുഗു: അല്ല അല്ല ഈ കര്‍ക്കിടകം എന്ന് കേട്ടപ്പോള്‍ കഞ്ഞിയെ ഓര്‍മ്മവന്നു അതാ......

വിര: ഉവ്വ്‌ ഉവ്വ് .. മനസ്സിലായി.......ഞാന്‍ ചോദിച്ചതിന് ഉത്തരം താ മാഷേ...

സുഗു: ശരി നിങ്ങള്‍ പെണ്ണ്‍ കാണാന്‍ പോയിട്ട് ഉള്ള ദുരനുഭവം എന്തെങ്കിലും ഒന്ന് എന്‍റെ മുന്നില്‍ വെളംബൂ.....

വിര: ഏകദേശം പത്ത് നാല്‍പതു കൊച്ചുങ്ങളെ കണ്ടു...

സുഗു: എന്നിട്ട്...

വിര: ഒന്നിനേം കണ്ടിട്ട് കണ്ണിനു ക്ലച്ച് പിടിക്കുന്നില്ല....

സുഗു: അപ്പൊ പെണ്ണല്ല പ്രശ്നം , തന്‍റെ കണ്ണാ......

വിര: ദേ, നിങ്ങളുടെ വളിച്ച തമാശ കേള്‍ക്കാനല്ല ഞാന്‍ ഈ ലാപ്പും തുറന്നു വച്ചിരിക്കുന്നത്... പറഞ്ഞേക്കാം.....

സുഗു: ശരി താങ്കള്‍ക്ക് കല്യാണം എളുപ്പം നടക്കാനുള്ള പത്ത് കല്‍പ്പനകള്‍ ഞാന്‍ മെയില്‍ വഴി അയച്ചു തരാം... എന്താ തന്‍റെ ഐഡി?

വിര: പെണ്ണിനെവേണം@റോക്കറ്റ്മെയില്‍.കോം എന്നാ....

സുഗു: ശരി ഇപ്പൊ എത്തും നോക്ക്....


കട്ട്!!!!!!!........ഓടിപ്പോയി മെയിലില്‍ കയറി നോക്കി... എന്നെയും കാത്ത് സുഗുണന്‍ മെയില്‍ സുഷുപ്തിയില്‍ അപ്പോള്‍ ആറാടി കെടുക്കുന്നുണ്ടായിരുന്നു...എടുത്തു നോക്കിയപ്പോള്‍ കണ്ണ് തള്ളിപ്പോയി........... അതിന്റെ പ്രസക്തഭാഗങ്ങള്‍ താഴെ കൊടുക്കുന്നു....

1) കല്യാണം കഴിക്കാന്‍ പ്ലാനുണ്ടെങ്കില്‍ പെണ്ണ് കാണാന്‍ ഒരിക്കലും തന്ത തള്ളമാരെ ആദ്യം വിടാതിരിക്കുക... കഴിയുമെങ്കില്‍ നിങ്ങള്‍ തന്നെ ആദ്യം പോയി കണ്ടാല്‍ നിങ്ങള്‍ക്ക്‌ പെണ്ണിന്റെയും പെണ്ണിന് നിങ്ങളുടെയും ചോര കുടിക്കാന്‍ എളുപ്പത്തില്‍ കഴിയും...

2) പെണ്ണ് കാണാന്‍ പോകുമ്പോള്‍ ശരിക്കും പറഞ്ഞാല്‍ ബൈക്കില്‍ പോകാതിരിക്കാന്‍ പരമാവധി ശ്രമിക്കുക.... ഇന്നുള്ള ഇവളുമാരുടെയൊക്കെ മനസ്സില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കഴിയുമെങ്കില്‍ കാറാക്കുക... (പ്രൈവറ്റ് രജിസ്ട്രേഷന്‍ നിര്‍ബന്ധം)

3) നിങ്ങളുടെ തലമുടി വിവാഹജീവിതത്തില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്.... കഴിയുമെങ്കില്‍ തലയുടെ മുകളില്‍ കൂണ്‍ രൂപത്തിലോ, അല്ലെങ്കില്‍ ആമയുടെ തോട് തലയുടെ മുകളില്‍ കമഴ്ത്തിയ രീതിയിലോ മുടി വെട്ടി ശരിയാക്കുക......പെണ്‍കുട്ടി ഇതൊക്കെക്കണ്ട് അമ്പരന്ന് ഒരു പക്ഷെ കല്യാണത്തിന് സമ്മതിക്കാന്‍ വഴിയുണ്ട്....

4) പെണ്ണ് കാണാന്‍ പോകുമ്പോള്‍ ഇടേണ്ട വേഷത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ.... നീല ഷര്‍ട്ടും കഴിയുമെങ്കില്‍ ചുവന്ന പാന്റും ധരിക്കാന്‍ ശ്രമിക്കുക.... അതും നിങ്ങള്‍ എത്ര തടിയുള്ള ആളാണെങ്കിലും ഷര്‍ട്ട്‌ 32 സൈസില്‍ കൂടാന്‍ പാടില്ല..... കാരണം പെണ്‍കുട്ടിക്ക്‌ നിങ്ങളുടെ കൊഴുപ്പ് കൊണ്ട് ഉരുണ്ടുകൂടിയ മസിലെല്ലാം കാണുന്നതിന് ഇതേറെ സഹായിക്കും.....

5) വിദേശത്ത്‌ ജോലിചെയ്യുന്ന ആളാണ്‌ നിങ്ങള്‍ എങ്കില്‍ പെണ്ണ് കാണാന്‍ ചെന്നാല്‍ പെണ്ണിന്റെ വീട്ടിലുള്ള ഏനക്കേട് പിടിച്ച പെണ്ണിന്‍റെ തന്തയോ ബന്ധുക്കാരോ നിങ്ങളുടെ ജോലി എന്താണെന്നോ മറ്റോ ചോദിച്ചാല്‍ ജോലി ഒരിക്കലും മലയാളീകരിച്ച് പറയാതിരിക്കുക... ഉദാഹരണത്തിന് ഗള്‍ഫില്‍ മണ്ണും മണലും നിറച്ച് ഉന്തിക്കൊണ്ട് നടക്കുന്ന ജോലിയാണ് നിങ്ങള്‍ക്ക്‌ എങ്കില്‍ ഇവിടെ 'അര്‍ബാന ഓപ്പറേറ്റര്‍' എന്ന് മാത്രമേ പറയാന്‍ പാടൂ... ആ പാവങ്ങള്‍ ഇതെന്തോ വലിയ ജോലിയാണെന്ന് കരുതി പെണ്ണിനെ എത്രയും വേഗം തലയില്‍ വച്ച് കെട്ടാന്‍ ശ്രമിക്കുന്നത് നിങ്ങള്ക്ക് കാണാം...

6) മൊബൈല്‍ വിവാഹജീവിതത്തില്‍ ഒരു അഭിവാജ്യഗടകം ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ... വീടിന്‍റെ ആധാരം കൊണ്ട് പണയം വച്ചിട്ടാണെലും ഇന്ന് വിപണിയില്‍ കിട്ടുന്ന ഏറ്റവും പുതിയ മൊബൈല്‍ തന്നെ കയ്യില്‍ കരുതുക... പെണ്ണിന്‍റെ മുന്‍പില്‍ വച്ച് അതെടുക്കുകയും ബാലന്‍സ് ഒന്നും കാണില്ലേലും പെണ്ണ് കാണത്തക്കവണ്ണം എവിടേക്കെങ്കിലും വിളിക്കാന്‍ നോക്കുക.... കേരളത്തില്‍ കസ്റ്റമര്‍ കെയറിലേക്ക് വിളിക്കാന്‍ കാശു വേണ്ടാത്തതുകൊണ്ട് വേണമെങ്കില്‍ അതിലേക്കും വിളിക്കാം.......

7) പെണ്ണുമായി സംസാരിക്കുമ്പോള്‍ പെണ്ണിന്‍റെ അറിവ് തന്‍റെ അറിവിന്‍റെ ഏഴയലത്ത് പോലും വരില്ല എന്ന് വരുത്തിത്തീര്‍ക്കേണ്ടത് നിങ്ങളുടെ ഭാവിജീവിതത്തില്‍ വളരെയേറെ ഗുണം ചെയ്യും....എന്നാല്‍ സൌന്ദര്യത്തിന്‍റെ കാര്യത്തിലാണേല്‍ അവളുടെ ഏഴയലത്ത് പോലും ആരും വരില്ലന്നും തട്ടിവിട്ടോളണം... ഇത് നിങ്ങളെക്കുറിച്ച് പെണ്ണില്‍ ചെറിയ തോതിലൊന്നുമല്ലാത്ത അഭിപ്രായമാറ്റങ്ങള്‍ വരുത്താന്‍ സാധിച്ചേക്കും....

8) ഹോട്ടലാണെന്നു കരുതി ബാര്‍ബര്‍ഷോപ്പില്‍ കയറിയ തൊണ്ണൂറുകളിലെ വളിച്ച തമാശയോന്നും വെളംബാതെ കിട്ടിയ സമയം കൊണ്ട് പെണ്ണിനോട് താന്‍ ചെയ്ത സാഹസികതകള്‍ തെല്ലും വെള്ളം ചേര്‍ക്കാതെ തട്ടിവിടാന്‍ ഒരിക്കലും മറക്കരുത്... ഉദാഹരണത്തിന് മുങ്ങാംകുഴിയിട്ടു ഞാന്‍ മുപ്പതുമിനിട്ട് വെള്ളത്തിനടിയില്‍ കുട്ടികാലത്ത് കിടക്കാറുണ്ട് എന്നോ അല്ലെങ്കില്‍ ചോട്ടേം മാണിയിലും കിട്ടിയ വെള്ളിക്കപ്പ്‌ ഇപ്പോഴും വീട്ടില്‍ ഹോര്‍ലിക്സ് കുപ്പിയില്‍ സൂക്ഷിച്ചിട്ടുണ്ട് എന്നോ, അങ്ങിനെ ആ ലൈനില്‍ അങ്ങ് പോയാല്‍ മതി..... അപ്പൊത്തന്നെ കല്യാണം ഉറപ്പിക്കാം...

9) ഇന്നത്തെക്കാലത്ത് ആമ്പിള്ളെര്‍ക്ക് ലൌലറ്റര്‍ കൊടുക്കാത്തവരോ അതുമല്ലെങ്കില്‍ ഒരു ചെറിയ സൈറ്റ് എറിയാത്തവരോ ആയ പെണ്‍കുട്ടികളെ ഒരു പക്ഷെ ചന്ദ്രനില്‍ മാത്രമേ നമുക്ക് കാണാന്‍ കഴിയൂ..... ആയതിനാല്‍ എത്ര സംശയരോഗം ഉള്ളവാനാണ് നിങ്ങളെങ്കിലും അതൊന്നും പെണ്ണിന്‍റെ മുന്നില്‍ തുടക്കത്തിലെ പ്രകടിപ്പിക്കരുത്.... പ്രേമത്തെ ഞാന്‍ വെറുക്കുന്നു എന്നൊന്നും പെണ്ണിന്‍റെ മുന്നില്‍ വീമ്പടിച്ചെക്കരുത്..... പകരം പ്രേമം എന്നാല്‍ അനന്തസാഗരം ആണെന്നും പ്രേമിക്കാന്‍ കഴിവുള്ളവരെ ഞാന്‍ വളരെ ഇഷ്ടപ്പെടുന്നു എന്നൊക്കെ തട്ടിവിടാം...കല്യാണം ഉറപ്പ്....

10) ഇനിയുള്ള പ്രധാന കാര്യം നിങ്ങള്‍ ചോദിച്ചറിയെണ്ടത്, പെണ്ണ് ഇന്ന് കേരളത്തിലെ പ്രശസ്‌ത ബ്ലോഗറായ വിരല്‍ത്തുമ്പിന്‍റെ ബ്ലോഗ്‌ സ്ഥിരമായി വായിക്കാറുണ്ടോ എന്നാണു.... ഒരു വട്ടം ആ ബ്ലോഗില്‍ പോയിട്ടുണ്ട് എന്നെങ്ങാനും പറഞ്ഞാല്‍ പിന്നെ ഒന്നും ചോദിക്കാതെ പുറത്ത് ഇറങ്ങിക്കോളണം.... കാരണം ആ ബ്ലോഗ്‌ വായിച്ചവര്‍ക്കൊക്കെ പലപ്പോഴും അതിന്‍റെ അവതാരകനോട് പ്രത്യേകം അടുപ്പവും(എന്തോ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരിത്) പ്രണയവും മൊട്ടിടുന്നതായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ടെത്തിയിട്ടുണ്ട്..... ആയതിനാല്‍ ആ ബ്ലോഗ്‌ വായിക്കുന്ന പെണ്‍കുട്ടിയേയോ അവളുടെ വീടിന്‍റെ നൂറുമീറ്റര്‍ പരിധിയിലോ നിങ്ങള്‍ പെണ്ണ് അന്യേഷിക്കാതിരിക്കലാണ് നിങ്ങളുടെ ഭാവി ദാമ്പത്യജീവിതത്തിന് ഉത്തമം...... അത് പ്രത്യേകം മറക്കാതിരിക്കുക........

കടപ്പാട്: ഡോ:സുഗുണന്‍ തെക്കുംമൂട്ടില്‍
ഉഴിച്ചില്‍ വിദഗ്ധന്‍ (മസാജ് സെന്റര്‍)
ദുബായ്,ദേര-വെസ്റ്റ്‌

5 അഭിപ്രായങ്ങൾ:

 1. ആ ഹാ പത്ത് കൽപ്പനകള്‍ കൊള്ളാമല്ലോ.... എന്‍റെ ഏതായാലും കഴിഞ്ഞു.. ഇനി കിട്ടാത്തവര്‍ ഇതെല്ലാം ഒന്നു പരീക്ഷിച്ചു നോക്കട്ടെ...
  --------------------------------------------------------
  ചിരിക്കുള്ള വകയുണ്ട് പൊസ്റ്റില്‍ :)

  മറുപടിഇല്ലാതാക്കൂ
 2. കയ്യിലിരിപ്പ് ഇതല്ലേ..പിന്നെങ്ങിനെ പെണ്ണ് കിട്ടും?:)

  മറുപടിഇല്ലാതാക്കൂ
 3. ഇങ്ങനെ നോക്കി കെട്ടുന്ന പെണ്ണിനെ ; ങ്ങ്ഹാ… അല്ലങ്കിൽ വേണ്ടാ.
  ചിരിക്കാൻ ഇത്തിരി അല്ല ഒത്തിരി ഉണ്ട്.

  മറുപടിഇല്ലാതാക്കൂ
 4. മിസ്റ്റര്‍ സുഗുണന്‍ ..യു ആര്‍ റ്റൂ ലേറ്റ്
  ..എന്റെ സ്വയംവരം പണ്ടേ കഴിഞ്ഞു ..

  മറുപടിഇല്ലാതാക്കൂ
 5. "പെണ്ണ് കെട്ടാന്‍ വേണ്ടി കരുതിവച്ച സ്വര്‍ണ്ണം പലപ്പോളും എന്നെ നോക്കി ''എന്നെ നിങ്ങള്‍ കമ്യൂണിസ്റ്റ്‌ ആക്കും'' എന്ന് പറഞ്ഞു കട്ടത്തെറി വിളിക്കാനും തുടങ്ങി...."

  കണ്ണുകള്‍അറിയാതെ ആ വാക്കുകളില്‍ തങ്ങി നിന്ന് പോകുന്നു...പത്തു കല്‍പ്പനകളില്‍ പത്തും ഇഷ്ട്ടപ്പെട്ടു. പത്താമാതെത് വിശേഷിച്ചും.ഇനിയും പ്രതീക്ഷിക്കുന്നു......

  മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...