2010, ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

സല്മാക്കൊരു പ്രേമലേഖനം...
പ്രിയപ്പെട്ട സല്മാക്ക്,

അങ്ങിനെ വിളിക്കാന്‍ ആജീവാനന്ത വിലക്ക് ഉണ്ട് എന്നറിയാമെങ്കിലും ഞാന്‍ വിളിച്ചോട്ടെ പ്രിയപ്പെട്ടവളെന്ന്.... അല്ലെങ്കിലും നീ എന്നെ മറന്നാലും ഈ മരുഭൂമിയില്‍ നിന്നെ മാത്രം ഓര്ത്തു കഴിയുന്ന ഒരാള്‍ അങ്ങിനെ വിളിച്ചാല്‍ എന്താ തെറ്റ്?. എന്നും ഈ അബുദാബിയിലെ മരുഭൂമിയിലൂടെ കാറോടിച്ചു പോകുന്ന സമയത്ത് ഇണപിരിയാതെ നില്ക്കുന്ന ഒട്ടകങ്ങളെ കാണുമ്പോള്‍ ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്, അത് നീയും ഞാനും ആയെങ്കില്‍ എന്ന്.

അന്ന് നീ തയ്യല്ക്കടയില്‍ ടൈലറിംഗ് ഗേള്‍ എന്ന പേരില്‍ ഒരു കട്ട്പീസായി വിലസുന്ന കാലം!. അത് വഴി പോകുമ്പോള്‍ നിന്റെ മുഖത്ത് നോക്കി പ്രേമത്തോടെ പുഞ്ചിരിക്കുമ്പോളൊക്കെ കൂര്ത്ത സൂചി കാട്ടി നീ എന്നെ ഭയപ്പെടുത്താറുള്ള കാര്യം ഞാന്‍ ഇപ്പോഴും മറന്നിട്ടില്ല. എന്റെ പ്രേമത്തിന്റെ വില്ലനായ ആ സൂചിയും നീയും ഒന്ന് വളയാന്‍ ഞാന്‍ എത്ര പ്രാര്ത്ഥിച്ചിട്ടും സൂചി മാത്രമേ വളഞ്ഞുള്ളൂ എങ്കിലും നിന്നോടുള്ള എന്നിലെ ഇഷ്ടത്തിന് ഒട്ടും കുറവ് വന്നിട്ടില്ല... ആ ഇഷ്ടം നിന്നെ അറിയിക്കാന്‍ നമ്മുടെ തെക്കേലെ മാര്ക്കറ്റിംഗ് പഠിക്കുന്ന വാറു എന്ന് വിളിക്കുന്ന ഉണ്ണിയെ നിന്റെ അടുത്തേക്ക് വിട്ടപ്പോള്‍ നീ അവനോട് എന്നെപറ്റി എന്താണ് പറഞ്ഞത്? “ഒരു കൂലിം വേലയും ഇല്ലാതെ നടക്കുന്ന ആ വായ്നോക്കിയെ ആരു പ്രേമിക്കും എന്ന്’’ അല്ലെ!!. ഇന്ന് ഞാന്‍ ഇവിടെ ഷെയ്ക്കിന്റെ സെക്രട്ടറിയാണ്.മാസം ലക്ഷങ്ങളാണ് ഞാന്‍ നിനക്ക് വേണ്ടി ഇവിടെ സമ്പാദിക്കുന്നത്....അത് നീ ഓര്ക്കാറുണ്ടോ സല്മാ!!!

നിനക്കറിയോ! ഇവിടെ 136 അടിയില്കൂടുതല്‍ വെള്ളം നിറഞ്ഞുനില്ക്കുന്ന മുള്ളപ്പെരിയാറു പോലെയുള്ള അറബിപ്പെണ്ണ്ങ്ങ്ളാണു എനിക്കുചുറ്റും റോന്തുചുറ്റുന്നത്..ഇന്ന് ഞാന്‍ ഒന്ന് മൂളിയാല്‍ അവളുമാരെന്നെ എടുത്ത്‌ വണ്ടിയിലേക്കിടും. എന്നിട്ടും ഞാന്‍ മൂളാതെ എന്റെ പാതിവൃത്യം കാത്തു സൂക്ഷിക്കുന്നത് ആര്ക്ക് വേണ്ടിയാ? നിനക്ക് വേണ്ടിയല്ലേ! അത് നീ മറക്കരുത് സല്മാ.. നീ മറക്കരുത്..........

ഇന്ന് ഞാന്‍ ഇവിടെ വെയ്റ്റ് ചെയ്യുന്നത് നിന്റെ ആ മൂളല്‍ കേള്ക്കാന്‍ മാത്രമാണ്. നീ ഒന്ന് മൂളിയാല്‍ മതി , എന്റെ പ്രണയം പൂര്ത്തീകരിക്കാന്‍ വേണ്ടി നമ്മുടെ എയര്‍ഇന്ത്യാ എക്സ്പ്രസ്സില്‍ കയറി ടേബിള്ടോപ്പ്‌ എന്ന് പേരുള്ള കരിപ്പൂര്‍ വിമാനത്താവളത്തില്‍ സാഹസികമായി ഞാന്‍ ഇറങ്ങും.
അങ്ങിനെയെങ്കിലും നിന്നോടുള്ള പ്രണയം നിന്റെ മുന്നില്‍ ഞാന്‍ തെളിയിക്കും....

തെളിഞ്ഞ നീലാകാശമുള്ള ദിവസങ്ങളില്‍ നമ്മുടെ റബ്ബര്തോട്ടത്തിലൂടെ കൈകോര്ത്ത് നമുക്ക് നടക്കാം... വേണമെങ്കില്‍ നിനക്ക് കുറച്ചു പിള്ളേരേം പ്രസവിക്കാം... ഇതൊക്കെ ഇനി നീ വിചാരിച്ചാലെ നടക്കൂ. ആയതിനാല്‍ നിന്റെ ഭാഗത്ത്‌ നിന്ന് ഒരു നല്ല അനുരഞ്ജനതീരുമാനം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട്....

നിന്റെ പ്രിയപ്പെട്ട മുത്ത്,
ബാപ്പുട്ടി.
അബുദാബി.
1 അഭിപ്രായം:

Related Posts Plugin for WordPress, Blogger...