2010, ഒക്‌ടോബർ 24, ഞായറാഴ്‌ച

പ്രവാസത്തിന്‍റെ ഇരകള്‍.......



ചീറിപ്പാഞ്ഞുകൊണ്ടിരിക്കുന്ന ശീതീകരിച്ച വാഹനത്തിനുള്ളില്‍ പുറത്തേക്ക്‌ നോക്കി ഇരിക്കുമ്പോഴും നന്ദന് അസഹനീയമായ ഉഷ്ണം തോന്നി. നോക്കുമ്പോള്‍ കാണാം പുറത്ത്‌ സ്വര്‍ണ്ണം പോലെ തിളങ്ങുന്ന ഭീകരന്മാരായ മണല്‍കുന്നുകള്‍... മരുഭൂമിയില്‍ ദാഹജലം നോക്കി നടക്കുന്ന കുറെയേറെ ഒട്ടകങ്ങള്‍.... ഇനി ഇതല്ലാം ഒരു ഓര്‍മ്മകള്‍ മാത്രം. ഈ ലോകത്ത് ജീവിക്കാന്‍ ഇനി എനിക്ക് കമ്പനി വച്ചുനീട്ടിയ കുറച്ചു മണിക്കൂറുകള്‍ മാത്രം... നാളെ വീണ്ടും കുറ്റപ്പെടുത്തലിന്‍റെയും പരിഹാസത്തിന്റെയും ലോകത്തിലേക്ക്.... ദൈവമേ പ്രവാസിക്ക് എന്തിനീ ദുര്‍ഗതി നീ തരുന്നു? അതിനുമാത്രം എന്ത് പാപം ആണ് ഞങ്ങള്‍ നിന്നോടു ചെയ്തത്?? എന്ന് അറിയാതെ പോലും മനസ്സില്‍ പറഞ്ഞു പോയി... ഇപ്പോഴും ഇന്നലെ വന്നത് പോലെ തോന്നുന്നു..കഷ്ടപ്പാടുകള്‍ക്കിടയില്‍ ഒരിക്കലും വന്നതെപ്പോഴാണ് എന്ന് പോലും ഓര്‍ത്ത്‌ എടുക്കാന്‍ ഇപ്പോഴും കഴിയുന്നില്ല...ശരീരത്തില്‍ ആകെമൊത്തം ഒരു മരവിപ്പ്......

അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫില്‍ അല്ജാബിര്‍ എന്ന കമ്പനിയില്‍ ഇലക്ട്രീഷ്യനായി ജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന പത്രത്തിലുള്ള ‍ പരസ്യം കണ്ടിട്ട് വെറുതെ ഒന്ന് പോയിനോക്കാം കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന് കരുതിയാണ് ജോലിക്ക് ശ്രമിച്ചത്. എന്തോ ഭാര്യയുടെ ഭാഗ്യം എന്ന് പറയാം കമ്പനി സെലക്ട് ചെയ്തു..പക്ഷെ അതൊരു മാറ്റത്തിന്‍റെ തുടക്കം ആണെന്ന് കുറെയേറെ കഴിഞ്ഞാണ് മനസ്സിലാകുന്നത്..ഗള്‍ഫില്‍ ആദ്യം പോകുന്നത് കൊണ്ട് ഭയവും ആശങ്കയും കൈമുതലായിട്ടുണ്ടായിരുന്നു... രാത്രി പന്ത്രണ്ട്മണിക്ക് അബുദാബിയില്‍ ഇറങ്ങിയ വിമാനത്തില്‍ സെലക്ട് ചെയ്ത ഞങ്ങള്‍ പതിനഞ്ചുപേരെയും കാത്തുകൊണ്ട് കമ്പനിയുടെ പി ആര്‍ ഒ എയര്‍പോര്‍ട്ടിന്‍റെ വാതില്‍ക്കല്‍ തെന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു... സാലെ മലബാരി..ക്യോം ഇത്തിനാ ലൈറ്റ് ഹെ? അതും പറഞ്ഞ് ഞങ്ങളുടെ രേഖകളുംമറ്റും മേടുച്ചുകൊണ്ട് സബ് മേരെ സാത്ത് ആവോ!! എന്നും പറഞ്ഞുകൊണ്ട് വാഹനത്തിനടുത്തെക്ക് നടന്നു പോയി.... കുറേകാലം ബോംബെയില്‍ ഹോട്ടലില്‍ നിന്നതുകൊണ്ട് ഹിന്ദി കുറച്ചൊക്കെ എനിക്കും അറിയാമായിരുന്നു... ഒന്നും പറയാതെ എല്ലാവരും അയാളെ അനുഗമിച്ച് വണ്ടിയുടെ ഉള്ളില്‍ കയറിയിരുന്നു.. ദൂരം എത്രയെന്ന് അറിയില്ല തലേന്നത്തെ ക്ഷീണം ഉള്ളതുകൊണ്ട് അറിയാതെ കണ്പോളകള്‍ക്ക് മുകളിലൂടെ ഒറക്കം നിഴലരിക്കാന്‍ തുടങ്ങി..

ഇറങ്ങു എല്ലാവരും!!! എന്ന് കേട്ടിട്ടാണ് ഉറക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്....ചുറ്റും നോക്കി പുറത്തെങ്ങും മുന്‍പ് കണ്ടപോലെ കൊട്ടാര സൌദങ്ങളോ മറ്റോ ഇല്ല....കുറെയേറെ പഴകിയതും ദ്രവിച്ചതും ആയ വണ്ടികള്‍ മാത്രം... ഒരു തരത്തില്‍ പറഞ്ഞാല്‍ നാട്ടില്‍ നിന്നും കൊണ്ടുവന്ന പെട്ടിയും പിടിച്ച് വണ്ടിയില്‍ നിന്ന് ഇറങ്ങി.. നോക്കുമ്പോള്‍ കുറച്ച് അകലെ വെളിച്ചം തെളിഞ്ഞ് നില്‍ക്കുന്ന ഒന്നിലതികം കെട്ടിടങ്ങള്‍....ഭയമുണ്ടായിരുന്നു എങ്കിലും എല്ലാവരും ആ ലക്ഷ്യം നോക്കി നടന്നു... ഇതാണ് നിങ്ങള്ക്ക് താമസിക്കാന്‍ കമ്പനി തന്നിരിക്കുന്ന സ്ഥലം....എല്ലാവരും ഇവിടെ കാണുന്ന കട്ടില്‍ ഉപയോഗിച്ചോളൂ.... എന്നും ഹിന്ദിയില്‍ പറഞ്ഞുഞ്ഞുകൊണ്ട് യുപിക്കാരന്‍ പുറത്തേക്ക് നടന്നു പോയി...ഞങ്ങള്‍ എല്ലാവരും പരസ്പരം മുഖത്തോടുമുഖം നോക്കി...ഇനി എന്ത് ചെയ്യണം എന്നറിയാതെ.....

രാവിലെ കുളിയും മറ്റും കഴിഞ്ഞ് നേരെ മുസഫ എന്ന് പറയുന്ന സ്ഥലത്തെ കമ്പനിയുടെ സൈറ്റിലേക്ക് എല്ലാവരെയും കമ്പനിവണ്ടിയില്‍ കൊണ്ട് പോയി...അപ്പോഴും ചൂട് അതിന്‍റെ ഉച്ചസ്ഥായിയില്‍ തന്നെയായിരുന്നു....ഹൊ!! എന്തൊരു ചൂട് സഹിക്കാന്‍ കഴിയുന്നില്ലട്ടോ..വടകരയില്‍ നിന്ന് വന്നിട്ടുള്ള പ്രസാദ്‌ തലയെ കൈപടം കൊണ്ട് മറച്ചു പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍ ഇങ്ങനെ പുലമ്പിക്കൊണ്ടിരുന്നു.. ഗള്‍ഫിന്റെ മുഖം എത്ര വികൃതം ആണെന്ന് ജോലി ചെയ്തു തുടങ്ങിയപ്പോള്‍ ഏറെക്കുറെ എല്ലാം മനസ്സിലാക്കി എനിക്ക്... ഇവിടെതെന്നെയാകം സര്‍ഗവും നരകവും എന്ന് തോന്നുത്തുടങ്ങി പലപ്പോഴും ജോലിയില്‍ മുഴുകിയപ്പോള്‍... ചുറ്റുപാടും കൊണ്ഗ്രീറ്റ്‌ ശില്പങ്ങള്‍ പോലെയുള്ള വലിയ വലിയ പണിതീരാത്ത കെട്ടിടങ്ങള്‍..കാതടപ്പിക്കുന്ന മിഷനറികളുടെ ശബ്ദങ്ങള്‍... ഹോ എങ്ങനെ എവിടെ ദിവസങ്ങള്‍ കഴിച്ചുകൂട്ടും എന്ന് തോന്നിപ്പോകുന്നു .....ഇടക്കിടെ സീമയെ ഓരക്കുമ്പോള്‍്‍ മാത്രം മനസ്സിലെവിടെയോ ഒരു തണുപ്പ്‌ കിനിയുന്നു....

മിക്കവാറും ദിവസങ്ങളില്‍ അവളെ വിളിക്കും എന്നൊഴിച്ചാല്‍ ജീവിതത്തില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും ഗള്‍ഫില്‍ ഉണ്ടാകാന്‍ പോകുന്നില്ല എന്ന് നന്ദന് തോന്നി. വീട്ടിലേക്ക്‌ വിളിക്കുമ്പോള്‍ പരാതികള്‍ ഏറിവരുന്നതും പലപ്പോഴും തോന്നിത്തുടങ്ങി.. രാവിലെ അഞ്ച് മണിക്ക് എണീറ്റ് ടോയ്‌ലറ്റിന് മുന്നില്‍ ക്യു നില്‍ക്കേണ്ടതാണ് ഏറ്റവും പ്രയാസം...മുന്‍പ് കയറിയ ആള്‍ വൃത്തിയാക്കാറില്ല പലപ്പോഴും. നമ്മള്‍ക്ക് ഇരിക്കണമെങ്കില്‍ സ്വയം വൃത്തിയാക്കേണ്ട അവസ്ഥ...ഹൊ! പ്രയാസം തന്നെ... എവിടെ എന്തിനും ക്യു ആണ് ...രാവിലെ കുളിക്കണമെങ്കിലും ഭക്ഷണത്തിനും എന്തിന് ജോലിക്ക് പോകാനുള്ള വാഹനത്തിനു മുന്‍പിലും വരെ വേണം ക്യു... ജോലി കഴിഞ്ഞു വന്നാല്‍ തളര്‍ന്ന് ഉറങ്ങിപ്പോകുന്നത് സ്വയം അറിയാറില്ല പലപ്പോഴും..
മക്കളുടെ പഠനത്തിനും വീട്ടിലെ ചിലവിനും ഒഴിച്ചാല്‍ ഈ എണ്ണിച്ചുട്ടപ്പം പോലെ മാസാവസാനം കൈയ്യില്‍ കിട്ടുന്ന ആയിരത്തി ഒരുനൂറു ദിര്‍ഹം മറ്റൊരു കാര്യങ്ങള്‍ക്കും തികയുന്നില്ല എന്ന് അറിഞ്ഞപ്പോള്‍ മനസ്സില്‍ എവിടെയോ ഒരു നീറ്റല്‍... കോഴിക്കോടു നിന്ന് വന്ന മോയ്തുക്ക പറഞ്ഞത് പലപ്പോഴും മനസ്സില്‍ തികട്ടി വരുന്നു..." ഗള്‍ഫില്‍‍ പണം ഉണ്ടാക്കാന്‍ നിന്നാല്‍ ജീവിതം അതിന്റെ വഴിക്ക് പോകും..എന്നാലോ,ജീവിതം നോക്കിയാല്‍ പണവും ഉണ്ടാകില്ല കൈയ്യില്‍.. ഇത് രണ്ടും ഇല്ലാത്തവരാ മക്കളെ മാടുകളായ നമ്മളൊക്കെ'' കേള്‍ക്കുമ്പോള്‍ മടങ്ങിപ്പോയാലോ എന്ന് പോലും തോന്നിപ്പോകുന്ന വാക്കുകള്‍....

രാത്രി കിടക്കുമ്പോള്‍ ചില ദിവസങ്ങളില്‍ മനപ്രയാസം കൊണ്ടു ഉറക്കം വരാറില്ല...പലപ്പോഴും സീമ അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോകുന്നു... നാട്ടില്‍ ലീവിന് പോകുന്നസമയത്ത് അവളോട് പ്രത്യേകതരം ഒരു ആവേശമാരുന്നു എന്ന് തോന്നിയിട്ടുണ്ട്... ഗള്‍ഫുകാരന് ജീവിതത്തില്‍ ഒരുപാട് ആദ്യരാത്രികള്‍ ഉണ്ടാകും എന്നത് മാത്രമേ കൈമുതലായിട്ടുള്ളൂ എന്നതൊഴിച്ചാല്‍ ജീവിതത്തില്‍ ആഗ്രഹങ്ങളെ പലപ്പോഴും ശീതികരിച്ച മൂറിക്കുള്ളില്‍ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുകയാണ് പതിവ്...നാട്ടില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ അതുവരെ നമ്മളൊക്കെ അനുഭവിച്ച സുഖവും സന്തോഷവും മാത്രമേ ജീവിതത്തില്‍ കൈമുതല്‍ ആയിട്ടുള്ളൂ എന്നതും ഇന്നുള്ള ഇതു പ്രവാസിയും ഇപ്പോഴും അനുഭവിച്ചു പോരുന്നു... ഫോണ്‍ ചെയ്യുമ്പോള്‍ കേള്‍ക്കുന്ന പരാതികള്‍ക്കിടയിലും പലപ്പോഴും തന്‍റെ വേദന പങ്കിടാറില്ല നന്ദന്‍... എന്തിനാ അവരും കൂടി ഇതുകേട്ട് വിഷമിക്കുന്നത്...ഇത് തന്‍റെ വിധിയാണ്‌...തന്‍റെ മാത്രം....അതങ്ങ് അനുഭവിക്കുക തന്നെ....

സാമ്പത്തികമാദ്യം എന്ന ഒരു പുതിയ പ്രതിസന്ധി നമ്മുടെ കമ്പനിക്കും ബാധിച്ചു എന്ന് ഫോര്‍മാന്‍ ജോര്‍ജേട്ടന്‍ പറഞ്ഞപ്പോള്‍ മുതല്‍ക്കാണ് മനസ്സില്‍ ആശങ്കകള്‍ക്ക് തുടക്കം ഇട്ടത്... എന്നും ഫോണ്‍ ചെയ്യുമ്പോഴും ഒരു കൂര സ്വന്തമായിട്ട് നമുക്കും വേണ്ടെന്ന് പറഞ്ഞ് സീമയുടെ പരാതികള്‍ കേട്ടിട്ടാണ് അഞ്ച് ലക്ഷം സഹകരണബാങ്കില്‍നിന്ന് സ്വന്തമായുള്ള പത്ത് സെന്റ്‌ സ്ഥലത്തിന്റെ ആധാരം വച്ച് ലോണ്‍ എടുത്തത്.... ഓവര്‍ടൈം ചെയ്താണ് പലപ്പോഴും ആ ഇനത്തിലേക്ക് ഇപ്പോഴും അയ്യായിരത്തോളം രൂപ ഇവിടെ നിന്നും അയ്യക്കുന്നത്... എന്നാല്‍ ആഗ്രഹിച്ചപോലെ വീടിന്റെ പണിയും പൂര്‍ത്തിയായതുമില്ല ഇനിയും കാശില്ലാതെ പണിചെയ്യാന്‍ കഴിയില്ലാ നന്ദാ എന്ന് കോണ്ട്രാക്ടര്‍ പറഞ്ഞത് ഇപ്പോഴും കാതില്‍ മുഴങ്ങുന്നു...പുറത്തേക്ക് ജോലി നോക്കാനാണെങ്കില്‍ ഇവിടെ പരിചയക്കാര്‍ ഒട്ടുമില്ലതാനും...നാട്ടിലേക്ക് പോകാന്‍ കടങ്ങള്‍ കാരണം പോകാന്‍ മനസ്സും വരുന്നില്ല....വീട്ടുകാര്‍ ആണെങ്കില്‍ ഇപ്പോഴും ഒരു സ്വപനലോകത്ത് ആണ്...ഇതുവരെയുള്ള അവസ്ഥകള്‍ താനായിട്ട് പറഞ്ഞ് വിഷമിപ്പിച്ചിട്ടുമില്ല...എന്തായാലും ഈ മാസത്തിന്‍റെ ഉള്ളില്‍ അറിയാം എന്നല്ലേ ഫോര്‍മാന്‍ പറഞ്ഞിരിക്കുന്നത്... എന്തായാലും വരുന്നിടത്ത് വച്ച് കാണുക തന്നെ...

പിറ്റേന്ന് സൈറ്റില്‍ വന്ന ജോര്‍ജെട്ടന്‍റെ മുഖം ചോരവാര്‍ന്ന പോലെയായിരുന്നു... കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയപ്പോള്‍ ജോര്‍ജേട്ടന്‍ പിരിച്ചുവിടല്‍ പേപ്പര്‍ ആദ്യം കൈപറ്റിക്കഴിഞ്ഞു എന്നറിഞ്ഞു... പാവം മൂന്നു പെണ്‍കുട്ടികള്‍ വിവാഹപ്രായം എത്തിനില്‍ക്കുന്നു...എന്റെ അവസ്ഥ മനസ്സിലാക്കിയിട്ട് പലപ്പോഴും അദ്യേഹം കാശുതന്ന് സഹായിക്കാറുമുണ്ട്... ജോലിയില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും ജോര്‍ജേട്ടന്‍ പലപ്പോഴും തണലായിരുന്നു.. ഇരുപത്‌ വര്ഷം ഈ മരുഭൂമിയില്‍ നിന്നിട്ടും ഒന്നും നേടാന്‍ കഴിഞ്ഞില്ല എന്ന് കണ്ണ് നിറച്ചുകൊണ്ട് പറഞ്ഞപ്പോള്‍ എല്ലാവരുടെയും മനസ്സ് അപ്പോള്‍ ഒരേപോലെ നീറിപ്പുകയുകയായിരുന്നു... കൂട്ടത്തില്‍ കവികൂടിയായിരുന്ന പ്രകാശന്‍ അന്ന് രാത്രി ഇരുട്ടത്ത് പോയിരുന്നു കരയുന്നത് കൂടി കണ്ടപ്പോള്‍ മറ്റെല്ലാരും അന്ന് ഭക്ഷണം കഴിച്ചുമില്ല...

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കമ്പനിയില്‍നിന്ന് ലറ്ററുകള്‍ എല്ലാവരും കൈപറ്റി...കമ്പനിയുടെ അവസ്ഥ ഇപ്പോള്‍ കുറച്ച് മോശമാണെന്നും ആയതിനാല്‍ നോ എന്‍ട്രി രീതിയില്‍ നിങ്ങളെ കമ്പനി പിരിച്ചുവിടുന്നു ആയതിനാല്‍ ഏഴ് ദിവസത്തിനുള്ളില്‍ വിമാനടിക്കറ്റ് കൈപറ്റണം എന്നൊക്കെയായിരുന്നു അതില്‍ എഴുതിയിരുന്നത്.. പേപ്പര്‍ കൈകളില്‍ ഇരുന്ന് അപ്പോഴും വിറയ്ക്കുന്നുണ്ടായിരുന്നു....ഈശ്യരാ !! എന്താണിനി ചെയ്യുക? ഒരു ഭാഗത്ത് ഇട്ടുമൂടാനുള്ള കടങ്ങള്‍ ...മറുഭാഗത്ത് നാട്ടിലേക്ക്‌ പോയാല്‍ ഉണ്ടാകുന്ന മാനസികമായ പ്രശ്നങ്ങള്‍..... ഗള്‍ഫിലേക്ക്‌ വരുമ്പോള്‍ ഒരുപാട് സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു.... നല്ലൊരു വീട് ഉണ്ടാക്കി ഭാര്യയേയും മക്കളെയും കൂടെ ജീവിതത്തില്‍ ഒരു ദിവസമെങ്കില്‍ ഒരുദിവസം മനസ്സമാധാനത്തോടെ കഴിയണം എന്ന് വളരെയേറെ ആഗ്രഹിച്ചിരുന്നു... ഇനി എല്ലാം സ്വപനം മാത്രം......രാത്രി ഭാര്യ വിളിച്ചപ്പോള്‍ മടിയോടെയാണെങ്കിലും കാര്യം പറഞ്ഞു.... നീണ്ടനിശബ്ദദക്ക് ശേഷം ഒരു തേങ്ങല്‍ മാത്രമായിരുന്നു മറുപടി...പിന്നെ ഒന്നും പറഞ്ഞില്ല..... ഫോണും കൈപ്പിടിച്ചുകൊണ്ട് ഇരുട്ടിലേക്ക് നോക്കി ഓര്‍ത്തു.... അവളെ എങ്ങനെ കുറ്റപ്പെടുത്തും? അവള്‍ക്കും ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു...മക്കള്‍ക്ക്‌ നല്ല വിദ്യഭ്യാസം കൊടുക്കണം ഇവിടെനിന്നും കൊണ്ട് വന്ന നല്ല ഡ്രെസ്സിട്ട് നാലാള്‍കാണ്‍കെ നടക്കണം എന്നൊക്കെ.... പിറ്റേന്ന് വിളിച്ചപ്പോള്‍ ഭാര്യ പരാതിരൂപേണ പറഞ്ഞു''ഇനി ഇപ്പൊ എന്താ ചെയ്യാ ഇങ്ങുപോരുക തന്നെ''

ദിവസങ്ങള്‍ പറന്നു പോയതറിഞ്ഞില്ല...കമ്പനി തന്ന ടിക്കറ്റും അതുവരെയുള്ള അലവന്‍സും മറ്റും കൈപറ്റി പുറത്തേക്ക്‌ ഇറങ്ങിയപ്പോള്‍ ഒരു പ്രത്യേക അനാഥത്വം അനുഭവപ്പെട്ടു.. ഇനി ഇവര്‍ തമ്മില്‍ എനിക്ക് എന്ത് ബന്ധം എന്ന് തോന്നി....നാളെ ഉച്ചക്ക് എയര്‍പോര്‍ട്ടില്‍ കൊണ്ടുപോകാന്‍ വണ്ടി വരും എന്നും അവരില്‍നിന്ന് അറിഞ്ഞു... അന്ന് തന്നെ ഭാര്യക്കും മക്കള്‍ക്കും വേണ്ടതെല്ലാം നുള്ളിപ്പെറുക്കി മേടിച്ചു...രാത്രി വീട്ടിലേക്ക്‌ വിളിച്ചു പറഞ്ഞു എയര്‍പോര്‍ട്ടിലേക്ക് വണ്ടി അയക്കാന്‍....ഉച്ചക്ക് തലേന്ന് വാങ്ങിയ ഒരു ഷര്‍ട്ടും ഇട്ടു പുറത്തിറങ്ങിയപ്പോള്‍ അഞ്ചുവര്‍ഷം മുന്‍പ് ഇതേ സ്ഥലത്ത് വന്ന ആ പഴയ നന്ദനെ ഓര്‍ത്തുപോയി.... കണ്ണില്‍ നിന്നും ഒരു ഉറവ കിനിയുന്നതായി തോന്നി.... എയര്‍പോര്‍ട്ട് റോഡ്‌ തീര്‍ത്തും തിരക്ക് പിടിച്ചതായിരുന്നു...ഒടുവില്‍ പാസ്പ്പോര്‍ട്ട് തിരികെ തന്ന് പി ആര്‍ ഒ ഉള്ളിലേക്ക് അയച്ചത് മുതല്‍ മനസ്സില്‍ ഈ നാട് വിട്ടുപോകുന്നതിനോട് ഒരു താല്‍പര്യക്കുറവ് അനുഭവപ്പെട്ടു....ഇമിഗ്രേഷന്‍ ക്ലിയറന്‍സ്‌ ഏരിയയില്‍ നില്‍ക്കുമ്പോള്‍ നാട്ടില്‍ നിന്നും വന്ന വിമാനത്തില്‍ പുറത്തേക്ക് വരുന്ന യാത്രക്കാരില്‍ ‍ ഒരാളെ നന്ദന്‍ സൂക്ഷിച്ചു നോക്കി.... അതെ തന്‍റെ അതെ മുഖം!! തനിക്ക് തോന്നിയതാവുമോ? വീണ്ടും നോക്കി.... ശരിയാണ് ഇത് പക്ഷെ മറ്റൊരു നന്ദന്‍ ആകാം... കണ്മുന്നില്‍ നിന്നും മറയുന്നത് വരെ അയാളെ നോക്കി നില്‍ക്കുമ്പോഴും ഒരു കാര്യം മാത്രമേ അപ്പോള്‍ നന്ദന്‍റെ മനസ്സിലുണ്ടായിരുന്നുള്ളൂ....

"" ഇന്ന് ഞാന്‍, നാളെ നീ............'''

2 അഭിപ്രായങ്ങൾ:

  1. കണ്ണ് നനച്ച് എഴുതിയ കാവ്യം .. കണ്ടില്ല എന്ന് നടിക്കരുത്

    മറുപടിഇല്ലാതാക്കൂ
  2. എന്നിലെ വായനകാരന്‍റെ മനസ്സില്‍ ഈ വരികള്‍ ആയ്ന്നിറങ്ങി എന്നുള്ളത് ഒരു സത്യമാണ

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...