2010, ഡിസംബർ 4, ശനിയാഴ്‌ച

കള്ളക്കോരന്‍ - ഒരു ഓര്‍മ്മ.......



പൊതുവേ ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന എന്‍റെ കുട്ടിക്കാലത്ത്‌ എന്‍റെ മാതശ്രീ എടുക്കുന്ന പതിനെട്ടാമത്തെ അടവായിരുന്നു കള്ളക്കോരന്‍റെ പേരും പറഞ്ഞ് എന്നെ ഭീഷണിപ്പെടുത്തുന്നത്.... അത് ഉമ്മ പറയുന്ന രീതി തന്നെ എന്ത് രസമായിരുന്നെന്നോ!!!!... '' കള്ളക്കോരാ ന്‍റെ കുട്ടി ചോറ് തിന്ന്ണുണ്ടട്ടോ.... യ്യ് ങട്ട് വരണ്ടാ...'' നോക്ക് ആ തന്ത ന്‍റെ കുട്ടിയെ നോക്കാ, കഴിച്ചില്ലേല്‍ കള്ളക്കോരന്‍ കൊണ്ടുപോകും.....ആ!!!..... ഇത് കേള്‍ക്കണ്ട താമസം വയറുനിറഞാലും പിന്നെയും എവിടുന്നേലും കുറച്ച് സ്ഥലമുണ്ടാക്കി ഓടിച്ചെന്നു ബാക്കി ചോറും ഞാന്‍ കഴിക്കുമായിരുന്നു...... ഇന്ന് എന്‍റെ നാട്ടിലുള്ള അന്നത്തെ തലമുറയുടെ ആരോഗ്യത്തിന്‍റെ പിറകില്‍ അന്നൊക്കെ ഇത്തരത്തില്‍ അദ്യക്ഷത വഹിച്ചിരുന്ന കോരന് വലിയൊരു പങ്കുണ്ടായിരുന്നത് ഞാന്‍ ഇവിടെ സ്മരിക്കട്ടെ...... ഉമ്മ ഇപ്പോളൊക്കെ പറയാറുണ്ട്‌ അന്ന് നിന്നെ ഞാന്‍ ചോറ് തീറ്റിച്ചേര്‍ന്ന് ആ പേര് പറഞ്ഞിട്ടായിരുന്നു... ഇത് എന്‍റെ അനുജന്‍റെ അടുത്ത്‌ ഈ അടവ്എടുത്തപ്പോള്‍ അവന്‍റെ നാവില്‍ നിന്ന് വന്നത് കേട്ട് മാതാശ്രീപോലും അന്തംവിട്ടു പോയത്രേ.... '' എവിടെ ആ കള്ളക്കൊരന്‍ എനിക്ക് കാണണം, എന്നാ ഞാന്‍ ചോറ് തിന്നാം എന്നാണത്രേ അവന്‍ പറഞ്ഞ മറുപടി....... കാലം പോയ ഒരു പോക്കെ......

പിന്നീട് സ്കൂളിലേക്ക് പോകുമ്പോഴായിരുന്നു ഈ മനുഷ്യനെ ഞാന്‍ ശരിക്കും കാണുന്നത്... പണ്ടൊക്കെ നമ്പൂതിരിസമ്പ്രദായം ഉണ്ടായിരുന്ന കാലത്ത്‌ അടിയാന്മാരും അടിയാത്തികളും പേടിച്ചോടുമായിരുന്നു നമ്പൂതിരി ആ വഴിവെരുന്നുണ്ട് എന്നറിഞ്ഞാല്‍... അതുപോലെതന്നെയായിരുന്നു ഞങ്ങള്‍ കുട്ടികളുടെയും അവസ്ഥ.... കോരന്‍ വരുന്നുണ്ട് ഈ വഴിയിലൂടെ എന്നറിയേണ്ട താമസം അമേരിക്കയെ പേടിച്ച് ലാദന്‍ചേട്ടന്‍ ഓടുന്നത് എങ്ങിനെയാണോ ആ രീതിയില്‍ ഞങ്ങളും ഓടുമായിരുന്നു..... വിരുതമ്മാര്‍ എവിടെയും ഉണ്ടാകുമല്ലോ... എന്നെ വിറ്റ് കാശാക്കാന്‍ പ്രാപ്തിയുള്ളവര്‍ ഉണ്ടായിരുന്നു എന്‍റെ കൂട്ടത്തില്‍... ഞങ്ങളെങ്ങാനും കൊരനെ കവര്‍ ചെയ്‌താല്‍ ''കള്ളക്കൊരാ'' എന്നൊരു വിളിയായിരുന്നു കൂട്ടത്തില്‍ ഉള്ള ഏതെന്കിലും ഒരു കുരുത്തം കെട്ടവന്റെ വേല.... സ്വന്തം പേരിന്‍റെ കൂടെ മാഹാത്മാവിന്‍റെ പേരല്ലാതെ മറ്റേതെങ്കിലും പേര് കൂട്ടിച്ചേര്‍ത്ത് വിളിക്കുമ്പോള്‍ ഉണ്ടാകുന്ന ചൊറിച്ചിലേ ഇപ്പറഞ്ഞ കോരനും ഉണ്ടായുള്ളൂ... അതിനു മറുപടിയായി പുള്ളിക്കാരന്റെ നല്ല ഒന്നാന്തരം ചന്തി കാണിച്ചുതന്ന് വിളിച്ചവരെയൊക്കെ സംതൃപ്തിപ്പെടുത്തുമായിരുന്നു നമ്മുടെ ഈ കോരന്‍.... കൂട്ടത്തില്‍ നല്ല കല്ല്‌വച്ച നാല് തെറികളും......

പിന്നെ പിന്നെ ഞങ്ങളുടെ വളര്‍ച്ച കണ്ടോ മറ്റോ കള്ളക്കൊരന് ഞങ്ങളെ കണ്ടാല്‍ വഴിയില്‍ നടക്കാന്‍ പേടിയായിത്തുടങ്ങി....ആളുകള്‍ സഹതാപം കൊണ്ട് കൊടുക്കുന്ന ചില്ലറത്തുട്ടുകള്‍കൊണ്ട് സമ്പന്നനായിരുന്നു ഈ കോരന്‍.... ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പരക്കം പായുന്നവരുടെ മുന്‍പില്‍ കോരന്‍ അവന്‍റെ കാഴ്ച്ചകളെ മൂന്ന് തലമുറകള്‍ക്ക് പകര്‍ന്നുനല്‍കി.... പുതിയ ഉടുപ്പും കയ്യില്‍ നല്ലയിനം മൊബൈല്‍ഫോണും കത്തുന്ന ബൈക്കും ആയി കറുകപുത്തൂര്‍ അങ്ങാടിയിലേക്ക്‌ നെഞ്ചുംവിരിച്ച് വരുന്ന പ്രമാണിമാരുടെ മുന്‍പിലും തന്‍റെ മുഷിഞ്ഞ ചളിപുരണ്ട കുപ്പായത്തിനുള്ളിലും കോരന്‍ വളരെ ഹാപ്പിയായിരുന്നു..... ജീവിതത്തില്‍ പണം അല്ല സമാധാനം എന്നത് ജനങ്ങള്‍ക്ക് കാണിച്ച് കൊടുത്ത എന്‍റെ നാട്ടിലെ ഏക വ്യെക്തിയായിരുന്നു ഞങ്ങളെല്ലാം കള്ളക്കോരന്‍ എന്ന് വിളിക്കുന്ന ഈ പാവം..... മുന്‍പ്‌ ഒരിക്കല്‍ ഗള്‍ഫില്‍നിന്ന് ചെന്നപ്പോള്‍ ഒരു തവണ കടത്തിണ്ണയില്‍ കിടക്കുന്ന കോരനെ ഞാന്‍ കണ്ട എനിക്ക് എവിടെയൊക്കെയോ ഒരു വേദന തോന്നി... അപ്പോഴത്തെ കോരന്റെ അവസ്ഥ വളരെ ദയനീയമായിരുന്നു... ശരീരം എല്ലാം ശോഷിച്ച് താടിയും മുടിയും ആവിശ്യത്തിലധികം വളര്‍ന്ന്‍ ഒരുമാതിരി പ്രേതത്തെപ്പോലെ ഉള്ള ഒരു രൂപം..... സഹതാപം തോന്നി പോക്കറ്റില്‍ നിന്നും പത്ത്‌ രൂപ എടുത്ത്‌ ''ന്നാ കോരാ നീ പോയി ചോറ് വാങ്ങിത്തിന്നു'' എന്ന് പറഞ്ഞ് കയ്യില്‍വച്ച് കൊടുത്തപ്പോള്‍ പിന്നീട് ഉണ്ടായ സംഭവങ്ങള്‍ ഇന്ന് നല്ലമനസ്സുള്ള ആരുടെയും കണ്ണ് നന്ക്കുന്നതായിരുന്നു.... കൊടുത്ത പത്ത് തരിച്ച് തന്ന് വീണ്ടും കൈ നീട്ടി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞ മറുപടി വളരെ വിചിത്രമായിരുന്നു.... ''എനിക്ക് നോട്ട് വേണ്ടാ... ചില്ലറ വേണം... അന്‍പത് പൈസ''.........

അങ്ങാടിയില്‍ നടക്കുന്ന പല രാഷ്ട്രീയപ്രസംഗങ്ങള്‍ക്കും വലിയ സമ്മേളനങ്ങള്‍ക്കും കോരന്‍ സാക്ഷിയായി...പൂരങ്ങളും നേര്‍ച്ചകളും കോരന്‍ അവന്‍റെ കണ്ണാല്‍ മാറി നിന്ന് കണ്ടു..... അങ്ങാടിയില്‍ ഉയരുന്ന കൊന്ഗ്രീട്റ്റ്‌ കെട്ടിടങ്ങളും നാട്ടില്‍ പൊങ്ങിയ വലിയ വലിയ മണിമാളികകളും കോരന് മുന്നില്‍ സാക്ഷിയായി... കല്യാണമണ്ടപത്തില്‍ നടക്കുന്ന കല്യാണസദ്യകള്‍ എല്ലാവരും കഴിച്ച് കഴിഞ്ഞ് ബാക്കിവരുന്ന ആ എച്ചില്‍ കഴിച്ച് കോരന്‍ തന്‍റെ ദിനരാത്രങ്ങള്‍ തള്ളിനീക്കി... അപ്പോഴും ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ഭൂമിദേവി പോലും അറിയാതെ കോരന്‍ തന്‍റെ ജീവിതം തള്ളിനീക്കി.... പിന്നീടെപ്പോഴോ വീട്ടില്‍ നിന്ന് വന്ന ഒരു കോളില്‍ കേട്ടത് അങ്ങാടിയിലെ ബസ്റ്റാന്റ് പരിസരത്ത്‌ ആരെയും ബുദ്ധിമുട്ടിക്കാതെ കയ്യില്‍ കുറെ ചില്ലറത്തുട്ടുകള്‍ മാത്രം ബാക്കിവച്ച് ഈ ലോകം വിട്ട് കോരന്‍ യാത്രയായി എന്ന്.....ഇപ്പോഴും കഴിഞ്ഞ മൂന്നു തലമുറക്ക്‌ ഇന്നും ഈ പേര് സുപരിചിതമാണ്... മരിച്ച് മണ്ണടിഞ്ഞാലും നാട്ടിലെ മാതാക്കള്‍ ഇന്നും അവരുടെ കുഞ്ഞുങ്ങളുടെ മുന്നില്‍ ഭക്ഷണവുമായി നില്‍ക്കുമ്പോള്‍ പറയുന്ന ഒന്നേ എന്‍റെ നാട്ടില്‍ ഉള്ളൂ.....

''കള്ളക്കോരാ ന്‍റെ കുട്ടി ചോറ് തിന്ന്ണുണ്ടട്ടോ.... യ്യ് ങട്ട് വരണ്ടാ...''

1 അഭിപ്രായം:

  1. ''കള്ളക്കോരാ ന്‍റെ കുട്ടി ചോറ് തിന്ന്ണുണ്ടട്ടോ.... യ്യ് ങട്ട് വരണ്ടാ...''
    ishttaayi ee post.

    മറുപടിഇല്ലാതാക്കൂ

Related Posts Plugin for WordPress, Blogger...